അച്ചാർ തയ്യാറാക്കാൻ പ്രയാസപ്പെടാറുണ്ടോ? എങ്കിൽ ഇനി അത് വേണ്ട, രുചികരമായി വളരെ എളുപ്പത്തിൽ തന്നെ നാരങ്ങാ അച്ചാർ തയ്യാറാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ
- നാരങ്ങ -1 കിലോ
- നല്ലെണ്ണ -ആവശ്യത്തിന്
- കടുക് -2 ടീസ്പൂൺ
- ഇഞ്ചി -4 ടീസ്പൂൺ
- വെളുത്തുള്ളി -4 ടീസ്പൂൺ
- പച്ചമുളക് -4 എണ്ണം
- കറിവേപ്പില -ആവശ്യത്തിന്
- മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
- കായപ്പൊടി -4 നുള്ള്
- ഉലുവ – 2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി -2 ടേബിൾ സ്പൂൺ
- മുളകുപൊടി – 4 ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം -ആവശ്യത്തിന്
- പഞ്ചസാര- ഒരു നുള്ള്
- വിനാഗിരി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഴുത്ത നാരങ്ങ നന്നായി കഴുകിയെടുക്കാം. വെള്ളം തിളപ്പിക്കാൻ വയ്ക്കാം. തിളച്ചു വരുന്ന വെള്ളത്തിലേക്ക് നാരങ്ങ ചേർത്ത് ഇടത്തരം തീയിൽ മൂന്ന് മുതൽ നാല് മിനിറ്റ് വരെ വേവിച്ചെടുക്കാം. ശേഷം നാരങ്ങ വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ച് ഈർപ്പം ഇല്ലാതെടുക്കാം. ചൂട് അൽപ്പം മാറിയ ശേഷം നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിക്കാം. അതിലേക്ക് ഉപ്പ് ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാക്കാം. അതിലേക്ക് ഉലുവ ചേർത്ത് പൊട്ടിക്കാം. കടുക് ചേർത്ത് പൊട്ടിക്കാം. ഇടത്തരം തീയിൽ ഇഞ്ചി ചെറുതായി അരഞ്ഞത്, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തിളക്കി വഴറ്റാം. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ കുറഞ്ഞ തീയിൽ മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ഉടൻ തന്നെ അടുപ്പണക്കാം. ഇതിലേക്ക് കായപ്പൊടി, പഞ്ചസാര, വിനാഗിരിയും ചേർത്തിളക്കാം. ശേഷം മാറ്റി വച്ചിരിക്കുന്ന നാരങ്ങ ചേർത്തിളക്കി യോജിപ്പിക്കാം.
















