പായസത്തിനൊപ്പം കഴിക്കാനുള്ള ബോളി ഇനി കടയിൽ നിന്നും വാങ്ങിക്കേണ്ട, ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- കടലപ്പരിപ്പ് – ഒരു കപ്പ്
- വെള്ളം – രണ്ടര കപ്പ്
- പഞ്ചസാര – ഒരു കപ്പ്
- ഏലക്ക – 5
- ജാതിക്ക – ഒന്നിന്റെ നാലിലൊന്ന്
- നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
- മൈദ – മുക്കാല്‍ കപ്പ്
- മഞ്ഞള്‍ പൊടി – ഒരു നുള്ള്
- ഉപ്പ് – ഒരു നുള്ള്
- നല്ലെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
- അരിപ്പൊടി – പരത്താന്‍ ആവശ്യത്തിന്
- നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് വേവിച്ചെടുക്കുക. വെന്ത കടലപ്പരിപ്പ് മിക്‌സിയുടെ ജാറില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. മൈദയും, മഞ്ഞള്‍പ്പൊടിയും, ഉപ്പും യോജിപ്പിക്കുക. ഇതിലേക്കു വെള്ളം ചേര്‍ത്തു ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുത്ത ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് അടച്ചുവയ്ക്കുക. പഞ്ചസാരയും ഏലക്കയും ജാതിക്കയും പൊടിച്ച് ഇടഞ്ഞെടുക്കുക. പൊടിച്ച പഞ്ചസാരയും അരച്ച കടലപ്പരിപ്പും പാത്രത്തിലേക്ക് ഇട്ട് വരട്ടിയെടുക്കുക. കട്ടി കൂടുതലയാല്‍ കടലമാവ് വേവിച്ച വെള്ളം ചേര്‍ത്തു കൊടുക്കാം. വശങ്ങളില്‍ നിന്നും വിട്ടു തുടങ്ങുമ്പോള്‍ നെയ്യ് കൂടി ചേര്‍ത്തു വരട്ടുക.
ഉരുട്ടിയെടുക്കാന്‍ പറ്റുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കുക. ചൂടാറി കഴിയുമ്പോള്‍ കൈയില്‍ അല്‍പം നെയ്യ് തടവി ഉരുളകളാക്കുക. മൈദ മാവില്‍ നിന്നും ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ഉരുളകള്‍ എടുക്കുക. ഇത് കൈയില്‍ വച്ച് പരത്തുക. കടലപ്പരിപ്പ് ഉരുളകള്‍ ഇതിലേക്കു വച്ച് നന്നായി പൊതിഞ്ഞെടുക്കുക. അല്‍പം അരിപ്പൊടി വിതറിയശേഷം കനംകുറച്ച് പരത്തി എടുക്കുക. ദോശക്കല്ല് ചൂടാക്കി ബോളി ചുട്ടെടുക്കാം.
















