ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിശ്വാസികള്‍ക്ക് വിശ്വാസികളുടെ നിലപാടും അവിശ്വാസികള്‍ക്ക് അവിശ്വാസികളുടെ നിലപാടും സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അമ്പലത്തില്‍ പോകേണ്ടവര്‍ക്ക് പോകാം പോകേണ്ടാത്തവര്‍ പോകേണ്ട. സിപിഐഎമ്മിന് ആഗോള അയ്യപ്പ സംഗമത്തിന് ഒപ്പമുള്ള നിലപാടാണ്. താത്വിക അവലോകനത്തിന് താന്‍ പോയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമം വര്‍ഗീയതയ്ക്ക് എതിരായിരിക്കുമെന്നും വിശ്വാസികള്‍ക്ക് അനുകൂലമായിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിശ്വാസത്തെ വര്‍ഗീയവാദികള്‍ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. വര്‍ഗീയതയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള വലിയൊരു വിഭാഗം വിശ്വാസികളാണ്. വര്‍ഗീയവാദികള്‍ വര്‍ഗീയ നിലപാട് സ്വീകരിക്കും എന്നതിന്റെ തെളിവാണ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ആഗോള അയ്യപ്പ സംഗമത്തിനെതിരായ നിലപാട്. വിശ്വാസികളുടെ ഏത് കൂട്ടായ്മയെയും എതിര്‍ക്കേണ്ടതില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതിന്റെ ഭാഗം കൂടിയാണ് സംഗമം. അല്ലാതെ ചിലര്‍ പറയുന്നതുപോലെ വര്‍ഗീയതയ്ക്ക് വളം വെച്ചുകൊടുക്കാനല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഐഎം ഇന്നലെയും ഇന്നും നാളെയും വിശ്വാസികള്‍ക്കൊപ്പമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
















