ഒരു എരിശ്ശേരി വെച്ചാലോ? മത്തങ്ങയും ചേനയും ചേർത്ത് ഒരു എരിശ്ശേരി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- വൻപയർ – 1/4 കപ്പ്
- മത്തങ്ങ – 200 gm
- ചേന – 200 gm
- വറ്റൽ മുളക് – എരുവിന്
- ആവശ്യമുള്ളത്
- കുരുമുളക് – 15 – 20 മണി
- ജീരകം – 1/2 ടി സ്പൂണ്‍
- തേങ്ങ അരയ്ക്കാൻ – 3/4 കപ്പ്
- തേങ്ങ വറുക്കാൻ – 1 1/2 കപ്പ്
- മഞ്ഞൾ- 1/2 ടി സ്പൂണ്‍
- ഉപ്പ്- – ആവശ്യത്തിനു
- കടുക്
- കറിവേപ്പില
- എണ്ണ – 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
4 മണിക്കൂറെങ്കിലും കുതിർത്ത വൻപയർ അല്പം ഉപ്പ് ചേർത്ത് വേവിക്കുക. മത്തങ്ങയും ചേനയും ചതുര കഷ്ണങ്ങൾ ആയി നുറുക്കുക. വെന്ത പയറിലേക്ക് മത്തങ്ങയും ചേനയും ആവശ്യത്തിനു ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കുക. ഇതിൽ 3/4 കപ്പ് തേങ്ങയും വറ്റൽമുളകും ജീരകവും കുരുമുളകും നന്നായി അരച്ചതും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കണം. ഈ സമയത്ത് ജലാംശം നന്നായിട്ട് ഉണ്ടാവണം. തിളച്ചാൽ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക.
വറുക്കാനുള്ള തേങ്ങ മിക്സിയിൽ ഇട്ടു ഒന്ന് കറക്കി ചതച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ കടുകിട്ട് പൊട്ടുമ്പോൾ 1 1/2 കപ്പ് തേങ്ങയും അതിൽ ഇട്ടു വറുക്കുക. തേങ്ങ സ്വർണ നിറമായി, കിലുങ്ങുന്ന ശബ്ദം കേട്ട് തുടങ്ങിയാൽ തീ കെടുത്തി, ഉണ്ടാക്കി വച്ചിരിക്കുന്ന മത്തങ്ങ ചേന പയറു കൂട്ട് വറുത്ത തേങ്ങയിലേക്ക് ചേർക്കുക. നന്നായി ഇളക്കുമ്പോൾ തന്നെ ജലാംശം കുറഞ്ഞു എരിശ്ശേരി കട്ടി ആയി വരുന്നത് കാണാം.
















