സന്ധിവാതവുമായി ബന്ധപ്പെട്ട വേദന മാറ്റാൻ പുളിങ്കുരു. മാക്രോന്യൂട്രിയന്റുകളായ മഗ്നീഷ്യവും പൊട്ടാസ്യവും ധാരാളം പുളിങ്കുരുവിൽ ഉണ്ട്. കൂടാതെ പ്രോട്ടീനും ഭക്ഷ്യനാരുകളും അന്നജവും ഉണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ സുഗമമായ പ്രവർത്തനത്തിനും സന്ധിവാതവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അകറ്റാനും പുളിങ്കുരു ബെസ്റ്റാണ്.
ഇവ ഓക്സീകരണ സമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കാൻ സഹായിക്കും. ഇവ രണ്ടും സന്ധിവാതമുണ്ടാക്കുന്ന ഘടകങ്ങളാണ്. സന്ധികളുടെ വഴക്കം കൂട്ടാനും ചലനം എളുപ്പമാക്കാനും വേദന കുറയ്ക്കാനും പുളിങ്കുരു സഹായിക്കും എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ സന്ധിവാതത്തിന് ഫലപ്രദമായ ഒരു ചികിത്സയാണിതെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വൈദ്യനിർദേശപ്രകാരമുള്ള ചികിത്സകളോടൊപ്പം കോംപ്ലിമെന്ററി ആയി പുളിങ്കുരുവും കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
പുളിങ്കുരു എങ്ങനെ ഉപയോഗിക്കാം?
സന്ധിവാതം ഭേദമാക്കാന്‍ ഉള്ള മരുന്നല്ല പുളിങ്കുരു എങ്കിലും പുളിങ്കുരുവിന് ആന്റിഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുണ്ട്. പുളിങ്കുരു വറുത്ത് പൊടിച്ചശേഷം ഇത് സ്മൂത്തികളിലും സൂപ്പിലും സോസിലും ചേർത്തുപയോഗിക്കാം. പുളിങ്കുരുവിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനക്കേട് അകറ്റാനും പിത്തരസത്തിന്റെ ഉൽപാദനം വർധിപ്പിക്കാനും സഹായിക്കും. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും പുളിങ്കുരു സഹായിക്കും. പുളിങ്കുരു പാൻക്രിയാസിനെ സംരക്ഷിക്കും എന്ന് ഡോക്ടർമാർ പറയുന്നു. ഇത് ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളുടെ വലുപ്പം കൂട്ടുന്നു. ദിവസവും രാവിലെ പുളിങ്കുരു പൊടിച്ചത് ചേർത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. എന്നാൽ പരീക്ഷിക്കുന്നതിനു മുൻപ് ഒരു ഡോക്ടറിനോട് അഭിപ്രായം തേടണം.
സന്ധിവാതത്തിന്റെ വേദന അകറ്റാൻ
സന്ധിവാതം പൂർണമായി സുഖപ്പെടുത്താനാവില്ല. എന്നാൽ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ശാരീരികമായി ആക്ടീവ് ആയിരിക്കുക, ശരീരഭാരം കൂടാതെ നിയന്ത്രിച്ചു നിർത്തുക, ഡോക്ടർ നിർദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കുക. നീന്തൽ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് പേശികളെ ശക്തിപ്പെടുത്തുകയും ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. ഭക്ഷണനിയന്ത്രണത്തിലൂടെയും ശാരീരിക പ്രവർത്തനങ്ങളിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് ഭാരംവഹിക്കുന്ന സന്ധികൾക്ക് ഉണ്ടാകുന്ന ആയാസം കുറയ്ക്കും.
















