സെമികണ്ടക്ടര്‍ നിര്‍മാണരംഗത്ത് വലിയൊരു മുന്നേറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യ. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ചിപ്പ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരുന്നു.ഇന്ത്യയിൽ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ 32-ബിറ്റ് മൈക്രോപ്രൊസറാണ് വിക്രം. ഐഎസ്ആർഒയുടെ സെമികണ്ടക്‌ടർ ലബോറട്ടറിയാണ് ഈ ചിപ്പ് വികസിപ്പിച്ചെടുത്തത്. ബഹിരാകാശത്തേക്ക് അയക്കുന്ന വിക്ഷേപണ വാഹനങ്ങളിൽ ഏത് സാഹചര്യങ്ങളിലും വിശ്വസനീയമായി പ്രവർത്തിക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തത്. ചിപ്പിന്‍റെ ആദ്യ ഉൽപാദന ലോട്ടുകൾ 2025 മാർച്ച് 5ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണന് കൈമാറിയിരുന്നു.
അതേസമയം ലോകത്തിലെ ചിപ്പ് ഡിസൈന്‍ എഞ്ചിനീയര്‍മാരില്‍ ഏകദേശം അഞ്ചിലൊന്നും (20 ശതമാനം) ഇന്ത്യയിലാണെന്ന് ബാസ്റ്റിയന്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള സെമികണ്ടക്ടര്‍ ശൃംഗലയില്‍ ഇന്ത്യയ്ക്ക് ശക്തമായ സ്ഥാനമാണുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടിലും പറയുന്നു. ”ആഗോള സെമികണ്ടക്ടര്‍ രൂപകല്‍പ്പനയില്‍ ഇന്ത്യ ഇതിനോടകം പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നുണ്ട്. ലോകത്തിലെ ചിപ്പ് ഡിസൈന്‍ എഞ്ചിനീയര്‍മാരില്‍ ഏകദേശം 20 ശതമാനം പേരും ഇന്ത്യയിലാണുള്ളതെന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കും,” റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്വാല്‍കോം, ഇന്റല്‍, എന്‍വിഡിയ, ബ്രോഡ്‌കോം, മീഡിയടെക് എന്നിവയുള്‍പ്പെടെയുള്ള ആഗോള സാങ്കേതിക സ്ഥാപനങ്ങള്‍ ബെംഗളൂരു, ഹൈദരാബാദ്, നോയിഡ എന്നിവടങ്ങളില്‍ വലിയ ഗവേഷണ-വികസന-രൂപകല്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ശക്തമായ സാന്നിധ്യം ഇന്ത്യയെ ചിപ്പ് ഡിസൈനിംഗ് രംഗത്ത് ലോകത്തിലെ മുന്‍നിര കേന്ദ്രങ്ങളിലൊന്നായി ഉയര്‍ന്നുവരാന്‍ സഹായിച്ചിട്ടുണ്ടെന്ന് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലെ എഞ്ചിനീയര്‍മാരാണ് ഉയര്‍ന്ന തലത്തിലുള്ള ചിപ്പ് ആര്‍ക്കിടെക്ചറിനെ നിര്‍വചിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദാഹരണത്തിന് ചിപ്പുകളുടെ തരം, അതിന്റെ അന്തിമ ഉപയോഗം, സവിശേഷതകള്‍, ലോഞ്ച് സ്ട്രാറ്റജി എന്നിവയെല്ലാം തീരുമാനിക്കുക യുഎസിലെ എഞ്ചിനീയര്‍മാരാണ്.
ഇന്ത്യയിലെ എഞ്ചിനീയര്‍മാര്‍ നിര്‍ണായകമായ കാര്യനിര്‍വഹണ ജോലികള്‍ ഏറ്റെടുക്കുന്നു. അതില്‍ ആര്‍ക്കിടെക്ചറിനെ ലോജിക്കിലേക്ക് വിവര്‍ത്തനം ചെയ്യുക, ചിപ്പുകള്‍ സിമുലേറ്റ് ചെയ്യുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുക, ചിപ്പിന്റെ പ്രകടനം പ്രായോഗിക തലത്തില്‍ കൊണ്ടുവരിക, ഡ്രൈവറുകളും ഫേംവയെറുകളും എഴുതുക തുടങ്ങിയ ജോലികള്‍ ഉള്‍പ്പെടുന്നു. ഇത് ”ബോസും ജീവനക്കാരും തമ്മിലുള്ള” ഒരു സജ്ജീകരണം അല്ലെന്നും മറിച്ച് യുഎസ്, ഇന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പരസ്പര പൂരകമായ ഉത്തരവാദിത്വമാണെന്നും റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു.ഇന്ത്യയുടെ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നയപരമായ നീക്കത്തെയും ബാസ്റ്റിയൻ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ ചിപ്പ് നിര്‍മാതാക്കളെ ആകര്‍ഷിക്കുന്നതിനായി ഏകദേശം 76,000 കോടി രൂപയുടെ പദ്ധതികളുമായി സര്‍ക്കാര്‍ 2021ല്‍ സെമികോണ്‍ ഇന്ത്യ പ്രോഗ്രാം ആരംഭിച്ചു.
ലോകം കൂടുതൽ ഡിജിറ്റലൈസേഷനിലേക്കും ഓട്ടോമേഷനിലേക്കും നീങ്ങുമ്പോൾ, ഇതിനനുസരിച്ച് മുന്നേറേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ആഗോളശക്തിയാക്കി മാറ്റുന്നതിനും ചിപ്പുകൾ നിർണായകമായിരിക്കും. ഇന്ത്യ സെമികണ്ടക്‌ടർ മിഷനിലൂടെ ഇത് യാഥാർത്ഥ്യമാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
















