തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് മർദ്ദനത്തിന് വിധേയനാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പോലീസ് അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ദീർഘ കാലമായി സുജിത്ത് നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ യാതൊരു കാരണവും ഇല്ലാതെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. കൂടാതെ അന്ന് സുജിത്തിനെതിരെ വ്യാജ എഫ്ഐആറും പോലീസ് ഇട്ടിരുന്നു. മദ്യപിച്ച് പോലീസുകാരോട് തട്ടിക്കയറി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. കൂടാതെ കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പോലീസ് മർദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മർദിച്ച് സുജിത്തിനെ ബലമായി വാഹനത്തിൽ പൊലീസ് കയറ്റിക്കൊണ്ടിപോവുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച ശേഷം ജീപ്പിൽ നിന്ന് ഇറക്കുന്നത് മുതലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
STORY HIGHLIGHT: police officers attack youth congress leader
















