മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്‍റ് വിപുലീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. പുതിയ ഇടത്തരം എസ്‌യുവി ആയ മാരുതി സുസുക്കി വിക്ടോറിസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. LXI, VXI, ZXI, ZXI(O), ZXI+, ZXI+(O) എന്നിങ്ങനെ ആറ് വേരിയന്‍റുകളിലാണ് ലഭ്യമാവുക.
ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും അതിൽ നിന്നും വ്യത്യസ്‌തമാണ് വിക്ടോറിസിന്‍റെ ഇന്‍റീരിയർ ഡിസൈൻ. കൂടാതെ 5-സ്റ്റാർ സുരക്ഷയ്‌ക്ക് ലെവൽ 2 ADASഉം വിക്ടോറിസിന് ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയായിരിക്കും മാരുതി വിക്ടോറിസ് വിൽക്കുക.ഇതിന്‍റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗ്രാൻഡ് വിറ്റാരയ്‌ക്ക് ശേഷം മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്‍റിലേക്കെത്തുന്ന കാറാണ്.വരാനിരിക്കുന്ന മാരുതി സുസുക്കി ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള പുതിയ ഡിസൈൻ ഭാഷയാണ് വിക്ടോറിസിലും നൽകിയിരിക്കുന്നത്. വിക്ടോറിസിന്‍റെ മുൻവശത്തെ പ്രൊഫൈലിനെക്കുറിച്ച് പറയുമ്പോൾ, ക്രോം സ്ട്രിപ്പുമായി ജോടിയാക്കിയ വലിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിങ്, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള നേർത്ത ഗ്രിൽ കവർ എന്നിവ നൽകിയിട്ടുണ്ട്.
ഈ എസ്‌യുവിക്ക് 18 ഇഞ്ച് അലോയ് വീലുകൾ, കറുത്ത പില്ലറുകൾ, സിൽവർ റൂഫ് റെയിലുകൾ, കൂടുതൽ ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിങ് എന്നിവയുണ്ട്. പിൻ പ്രൊഫൈലും പിന്നിലെ സെഗ്‌മെന്‍റഡ് എൽഇഡി ലൈറ്റ് ബാറും ‘വിക്ടോറിസ്’ ലെറ്ററിങ് പ്രദർശിപ്പിച്ചിട്ടുണ്ട്.
മാരുതിയുടെ 5 സീറ്റർ കാറാണ് വിക്ടോറിസ്. കമ്പനിയുടെ നിലവിലുള്ള മാരുതി ഗ്രാൻഡ് വിറ്റാരയിൽ നിന്ന് തികച്ചും വ്യത്യസ്‌തമാക്കുന്ന തരത്തിലാണ് വിക്ടോറിസിന്‍റെ ഇന്‍റീരിയർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. കൂടുതൽ സാങ്കേതിക കേന്ദ്രീകൃത ഡാഷ്‌ബോർഡ് രൂപകൽപ്പനയോടെയാണ് വിക്ടോറിസ് വരുന്നത്. ഡാഷ്‌ബോർഡിന് മുകളിൽ ഒരു വലിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് ടച്ച്‌സ്‌ക്രീൻ, വലതുവശത്ത് ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മൂന്ന് സ്‌പോക്ക് സ്റ്റിയറിങ് വീൽ എന്നിവയുണ്ട്.
വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഡോൾബി അറ്റ്‌മോസുള്ള 8-സ്‌പീക്കർ സൗണ്ട് സിസ്റ്റം, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്‍റ് ലൈറ്റിങ്, കണക്റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക്കലി അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ സവിശേഷതകളും മാരുതി വിക്ടോറിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, ആറ് എയർബാഗുകൾ, EBD സഹിതമുള്ള ABS, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് തുടങ്ങിയ സവിശേഷതകളോടെയാണ് മാരുതി വിക്ടോറിസിന്‍റെ സേഫ്‌റ്റി പാക്കേജ് വരുന്നത്. മാരുതി മോഡലിൽ ആദ്യമായി 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ലെവൽ 2 ADAS എന്നീ ഫീച്ചറുകൾ ലഭിക്കുന്നത് ഇതിന്‍റെ ഉയർന്ന വേരിയന്‍റിനാണ്. കൂടാതെ മാരുതി വിക്ടോറിസിന് NCAP ക്രാഷ് സേഫ്റ്റി റേറ്റിങിൽ 5-സ്റ്റാർ നേടാനായിട്ടുണ്ട്.
മാരുതി ഗ്രാൻഡ് വിറ്റാരയുടെ അതേ എഞ്ചിൻ ഓപ്ഷനുകളാണ് വിക്‌ടോറിസിലും നൽകിയിരിക്കുന്നത്. 102 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, 4-സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ, 114 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, 3-സിലിണ്ടർ സ്ട്രോങ് ഹൈബ്രിഡ് എഞ്ചിൻ, 88 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ-സിഎൻജി എഞ്ചിൻ എന്നിവ ഉൾപ്പെടെ മൂന്ന് പ്രധാന പവർട്രെയിൻ ഓപ്ഷനുകൾ ഈ കാറിലുണ്ട്. ഇടത്തരം എസ്‌യുവി വിഭാഗത്തിൽ കമ്പനി 2023ലാണ് ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചത്. ഇപ്പോൾ അതേ വിഭാഗത്തിൽ പുതിയ മാരുതി വിക്ടോറിസ് അവതരിപ്പിച്ചിരിക്കുകയാണ്. മിഡ്-സൈസ് എസ്‌യുവി വിഭാഗം ഇന്ത്യയിൽ വളരെ ജനപ്രിയമായമാണ്. ഇന്ത്യൻ വിപണിയിൽ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ, എംജി ആസ്റ്റർ, ഹോണ്ട എലിവേറ്റ്, ഗ്രാൻഡ് വിറ്റാര എന്നീ മോഡലുകളാണ് ഈ സെഗ്‌മെന്‍റിൽ വരുന്നത്. അതിനാൽ തന്നെ വിക്ടോറിസ് ഈ മോഡലുകളുമായി ആയിരിക്കും ഇന്ത്യൻ വിപണിയിൽ മത്സരിക്കുക.
















