ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ കരളിന്‍റെ പ്രവർത്തനം താളം തെറ്റാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ കരളിന് രോഗം ബാധിച്ച കാര്യം അവസാന ഘട്ടത്തിലായിരിക്കും പലരും തിരിച്ചറിയുന്നത്. ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ, സിറോസിസ് തടുങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന കരൾ രോഗങ്ങൾ. അത്തരത്തിൽ കരളിനെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് കരൾ കാൻസർ. വളരെ വേഗത്തിൽ വ്യാപിക്കുന്ന കാൻസറുകളിൽ ഒന്നാണിത്. അമിതവണ്ണം, പ്രമേഹം, മദ്യപാനം, പുകവലി, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ലിവർ കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാൽ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ കരൾ കാൻസർ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
കാരറ്റ്
കരളിന്‍റെ ആരോഗ്യത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും കൊണ്ട് സമ്പന്നമാണിത്. പതിവായി ഇത് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും കരൾ രോഗങ്ങൾ വരാതെ സംരക്ഷിക്കുകയും ചെയ്യും.
വെളുത്തുള്ളി
ഭക്ഷണങ്ങൾക്ക് രുചി നൽകുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. കരൾ എൻസൈം പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന സൾഫർ സംയുക്തങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ കരളിലെ കൊഴുപ്പ് കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.
ബ്രോക്കോളി
സൾഫറിന്‍റെ മികച്ച ഉറവിടമാണ് ബ്രോക്കോളി. ഇത് കരളിലെ വിഷവിമുക്ത എൻസൈമുകളെ വർധിപ്പിക്കാൻ സഹായിക്കും. കരൾ കോശങ്ങളെ നശിപ്പിക്കുന്നതിന് മുമ്പ് കാർസിനോജനുകളെ നിർവീര്യമാക്കുന്ന ഡീടോക്‌സ് എൻസൈമുകൾ വർധിപ്പിക്കാനും ഇത് സഹായിക്കും. കാൻസറിനെ പ്രോത്സാഹിപ്പിക്കുന്ന എൻസൈമുകൾ ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും.
ബീറ്റ്‌റൂട്ട്
ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളായ ബീറ്റലൈനുകൾ കൊണ്ട് സമ്പന്നമാണ് ബീറ്റ്‌റൂട്ട്. ഇത് കരൾ കോശങ്ങളെയും ഡിഎൻഎയെയും നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും. കരൾ കാൻസറിന് കാരണമാകുന്ന ഒരു പ്രധാന ഘടകമായ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇത് ഗുണം ചെയ്യും. കൂടാതെ കരളിലെ വീക്കം തടയാനും കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഇലക്കറികൾ
വിറ്റാമിൻ എ, സി, ഇ, കെ , കരോട്ടിനോയിഡുകൾ, പോളിഫെനോൾസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും കരൾ കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഫ്ലേവനോയ്‌ഡുകളും നൈട്രേറ്റുകളും അടങ്ങിയിട്ടുള്ളതിനാൽ കാൻസറിന് കാരണമായേക്കാവുന്ന വിട്ടുമാറാത്ത കരൾ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തടയാനും ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്.
















