പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൂചന. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. പന്ത്രണ്ട് ശതമാനം ഇരുപത്തിയെട്ട് ശതമാനം സ്ലാബുകള്‍ ഒഴിവാക്കി. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗം നാളെയും തുടരും. ഔദ്യോഗിക പ്രഖ്യാപനം നാളയുണ്ടാകും. നിത്യോപയോക സാധനങ്ങള്‍ക്കുള്‍പ്പെടെ വലിയ വിലക്കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ഗാര്‍ഹിക ഉപകരണങ്ങള്‍ക്കു മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വരെ വിലകുറയുമെന്ന കണക്കു കൂട്ടലിലാണ് ഉപയോക്താക്കള്‍. 175 സാമഗ്രികള്‍ക്ക് വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 ശതമാനം, 28 ശതമാനം നികുതിസ്ലാബുകള്‍ ഒഴിവാക്കി 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി മാറ്റാനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ടിവി, എസി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയ ചില ഇലക്ട്രോണിക് ഉപകരണങ്ങളുടേയും സൈക്കിള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പാല്‍, ചീസ്, ചോക്ലേറ്റ്, തുടങ്ങിയവയുടെ വില കുറഞ്ഞേക്കാം. 4 മീറ്റര്‍ നീളത്തില്‍ താഴെയുള്ള കാറുകളുടെ ജി എസ് ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കിയേക്കാം.
എന്നാല്‍, 50 ലക്ഷം രൂപയിലധികം വിലയുള്ള ആഡംബര കാറുകള്‍ക്ക് 40 ശതമാനം ജി എസ് ടി നല്‍കേണ്ടി വരും. പുകയില ഉല്‍പന്നങ്ങള്‍ക്കും 40 ശതമാനം ജി എസ് ടി നല്‍കേണ്ടി വരും. സിമെന്റ്, തുകല്‍ ഉല്‍പന്നങ്ങള്‍, പായ്ക്കറ്റ് ഭക്ഷണം, മരുന്നുകള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്കും ജി എസ് ടി നിരക്ക് കുറയും. സിമെന്റിന് നിലവിലുള്ള 28 ശതമാനം ജി എസ് ടി 18 ശതമാനമായി കുറയുന്നത് നിര്‍മ്മാണമേഖലയ്ക്ക് ഗുണം ചെയ്യും. ടേം ഇന്‍ഷൂറന്‍സിനും ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനും നേരത്തെ ഉണ്ടായിരുന്ന 18 ശതമാനം ജിഎസ്ടി പൂര്‍ണ്ണമായും എടുത്ത് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കും.
STORY HIGHLIGHT : GST Council approves new dual taxation structure
















