ഡൽഹി: ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള ജിഎസ്ടി കൗൺസിൽ തീരുമാനത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി കൗൺസിൽ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് പുതിയ നികുതി സംവിധാനത്തെ സ്വാഗതം ചെയ്ത് മോദി രംഗത്തെത്തിയത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പുതിയ ജി.എസ്.ടി സംവിധാനം കൊണ്ടുവരുമെന്ന സൂചന നൽകിയിരുന്നുവെന്ന് മോദി പറഞ്ഞിരുന്നു.
കണക്കുകളുടെ മാത്രം കാര്യമല്ല ജനങ്ങൾക്ക് ആശ്വാസം എത്തിക്കുക എന്നതാണ് പ്രധാനമെന്ന് ധനമന്ത്രാലയവും വ്യക്തമാക്കി. വരുന്ന സാമ്പത്തിക വർഷത്തിൽ കൂടുതൽ വിൽപ്പന ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ധനമന്ത്രാലയം പറയുന്നു. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക. ധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുകയും സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് പരിഷ്‍കരണത്തിലൂടെ പ്രധാനമായി ലക്ഷ്യംവെക്കുന്നതെന്നും മോദി പറഞ്ഞു. കർഷകർക്കും, മധ്യവർഗക്കാർക്കും, എം.എസ്.എം.ഇകൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ ജി.എസ്.ടി പരിഷ്‍കരണത്തിന്റെ ഗുണമുണ്ടാകുമെന്നും മോദി പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളെ മുൻനിർത്തിയുള്ള ഈ മാറ്റങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമനാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ടൂത്ത്പേസ്റ്റ്, സോപ്പ്, സോപ്പ് ബാർ, ഷാംപു, ടൂത്ത്ബ്രഷ്, സൈക്കിൾ, ടേബിൾമാറ്റ്, കിച്ചൺവെയർ തുടങ്ങി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെയെല്ലാം ജി.എസ്.ടി അഞ്ച് ശതമാനമാക്കി. എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവി, ഡിഷ വാഷിങ് മെഷ്യൽ, ചെറിയ കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പാൻമസാല, പുകയില ഉൽപന്നങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, 350 സി.സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ എന്നിവക്ക് 40 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും നികുതി 5 ശതമാനമായി കുറയും. കൂടാതെ, പനീർ, വെണ്ണ, ചപ്പാത്തി, ജീവൻരക്ഷാ മരുന്നുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.
















