തൃശൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ സേതു കെ സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആണ് പുറത്തുവന്നത്. പൊലീസുകാർ സുജിത്ത് വി എസിനെ സ്റ്റേഷനിൽ എത്തിച്ചു മർദ്ദിച്ചുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ.
പൊലീസുകാർ സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ് വഴിയിൽ നിർത്തി മർദിച്ചു എന്ന ആരോപണവും റിപ്പോർട്ട് ശരിവെക്കുന്നു. ഒറീന ജംഗ്ഷനിൽ ജീപ്പ് നിർത്തി മർദ്ദിച്ചു എന്നതായിരുന്നു ആരോപണം. ജി ഡി ചാർജ് ഉണ്ടായിരുന്ന ശശിധരൻ സ്റ്റേഷനിൽ നിന്ന് പുറത്തേക്കെത്തി മർദിച്ചുവെന്ന് സുജിത്ത് ആരോപിച്ചിരുന്നു. പൊലീസ് ജീപ്പ് സ്റ്റേഷനിലേക്ക് എത്തുന്ന സമയം ശശിധരൻ നടന്നുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. അതിനാൽ മർദനം നടന്നു എന്നതായി കരുതാം എന്നതാണ് നിഗമനമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേഷന്‍റെ മുകളിലത്തെ നിലയിൽ എത്തിച്ച് എസ്ഐയുടെ നേതൃത്വത്തിൽ മർദനം നടന്നിട്ടുണ്ടാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ചൂരലുമായി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മുകളിലേക്ക് പോയെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അടിമുടി പൊലീസ് വീഴ്ച എണ്ണിപ്പറയുന്നതാണ് അന്വേഷണ റിപ്പോർട്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും ഉയർത്തുന്നത്.
















