ഓണത്തിന് വിളമ്പാൻ ഒരു കിടിലൻ പായസം ആയാലോ? രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന സേമിയ പായസം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പാൽ – 6 ഗ്ലാസ്
- സേമിയ – 1 – 1 1/4 ഗ്ലാസ്
- പഞ്ചസ്സാര – 1 1/4 – 1 1/2 ഗ്ലാസ്
- ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
- കശുവണ്ടി, കിസ്മിസ് , നെയ്യ് – വറുത്തിടാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
സേമിയ ഇടത്തരം ചൂടിൽ സ്വർണ്ണ നിറമാകുന്നതു വരെ വറുത്തു, മാറ്റി വയ്ക്കുക. പാൽ അടി കട്ടിയുള്ള പാത്രത്തിൽ എടുത്തു അടുപ്പിൽ വച്ച് ഇളക്കി തിളപ്പിക്കുക. തീ കുറച്ചു വച്ച്, തിളച്ച പാലിലേക്കു ഇളക്കി കൊണ്ട് സേമിയ അല്പാല്പമായി കട്ട കെട്ടാതെ ചേർക്കുക. സേമിയ വേവുന്നത് വരെ ഇളക്കി കൊണ്ട് 5-6 മിനിട്ട് പാൽ തിളപ്പിക്കുക. സേമിയ പാകത്തിന് വെന്താൽ പഞ്ചസ്സാര ചേർക്കാം. പഞ്ചസ്സാര ചേർത്താൽ 7-8 മിനിട്ടോളം ഇളക്കി തിളപ്പിച്ച് പാൽ അല്പം കുറുക്കാം. പായസപ്പരുവമായാൽ തീ കെടുത്തി ഏലക്കാപ്പൊടി ചേർത്തിളക്കി പാത്രം അടച്ചു വയ്ക്കുക. നെയ് ചൂടാക്കി കശുവണ്ടിയും മുന്തിരിങ്ങയും വറുത്തെടുക്കുക. ഇത് പായസത്തിൽ ചേർത്ത് പാത്രം അടച്ചു വയ്ക്കുക. 10 മിനിട്ട് കഴിഞ്ഞു പായസം ചൂടോടെ വിളമ്പി കുടിക്കാം.
















