സദ്യയിലെ ഒരു മെയിൻ ഐറ്റം ആണ് കൂട്ട് കറി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കടല അല്ലെങ്കിൽ കടലപ്പരിപ്പ് – 1 1/2 കപ്പ്
- കുമ്പളങ്ങ – 250 ഗ്രാം
- ചേന – 250 ഗ്രാം
- പച്ച ഏത്തക്കായ – 1
- കാരറ്റ് – 1
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ഉപ്പ്
- വറ്റൽമുളക് – 5 എണ്ണം
- കുരുമുളക് – 10 – 15 മണി
- ജീരകം – 1/2 ടീസ്പൂൺ
- ഒരു തേങ്ങ ചിരകിയത്
- കറിവേപ്പില
- കടുക് ഒരു സ്പൂൺ
- വറ്റൽമുളക് – 1
- വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കടലയോ കടലപ്പരിപ്പോ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. ഞാനിവിടെ കടലായാണ് ഉപയോഗിച്ചത്. ഇതിൽ അല്പം വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചു മാറ്റി വയ്ക്കുക. പച്ചക്കറികൾ എല്ലാം ചെറിയ ചതുരക്കഷ്ണങ്ങളായി നുറുക്കുക. അല്പം വെള്ളവും ഉപ്പും മഞ്ഞളും ചേർത്ത് പച്ചക്കറി വേവിച്ചെടുക്കുക. വേവിച്ച പച്ചക്കറിയിലേക്ക് , വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്ത് ഇളക്കുക. ചിരകിയ തേങ്ങയുടെ മൂന്നിൽ ഒരു ഭാഗം എടുത്തു, അതിൽ വറ്റൽമുളകും, കുരുമുളകും, ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇഷ്ടമുള്ള എരുവിന് അനുസരിച്ചു മുളകിന്റെ എണ്ണം ക്രമീകരിക്കാം.
വേവിച്ചു വച്ചിരിക്കുന്ന കൂട്ടിലേക്ക് തേങ്ങാ അരച്ചത് ചേർത്ത് തിളപ്പിക്കുക. ഈ സമയത്തു കറിയിൽ കുറച്ചു വെള്ളം ഉണ്ടായിരിക്കണം. തീരെ വെള്ളം ഇല്ലാതിരുന്നാൽ തേങ്ങ വറുത്ത് ചേർക്കുമ്പോൾ കറി വല്ലാതെ മുറുകിപ്പോകും. എന്നുവെച്ചു വെള്ളം അധികമാകാനും പാടില്ല. കറി തിളച്ചാൽ തീ കെടുത്തുക.
ഇനി ഒരു ചീനച്ചട്ടിയിൽ ബാക്കിയുള്ള മൂന്നിൽ രണ്ടു ഭാഗം തേങ്ങ വറുക്കുക. തേങ്ങ സ്വർണ്ണ നിറമാകുമ്പോഴേക്കും, ഇളക്കുമ്പോൾ ചെറുതായി കിലുങ്ങുന്ന ശബ്ദം കേൾക്കാം. അതാണ് പാകം. ആ പാകമായാൽ തീ കെടുത്തി, വറുത്ത തേങ്ങയിലേക്ക് കറി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ കറി നന്നായി കുറുകി വരും. ഇനി ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് അതിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ചു കൂട്ട് കറിയിൽ ചേർക്കുക. തേങ്ങ പെട്ടെന്ന് വറുന്ന് കിട്ടാൻ, തേങ്ങ മിക്സിയിൽ ഒന്ന് ചെറുതായി ചതച്ചെടുത്തിട്ടു വറുത്താൽ മതി.
















