മലപ്പുറം: നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി ഇറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. പുലിയെ കണ്ട പൊലീസുകാരൻ വെടിയുതിർത്തു. വെടിയൊച്ച കേട്ട് പുലി തിരിഞ്ഞോടി കാട്ടിലേക്ക് കയറി. പൊലിസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് വിവരം. സംഭവസ്ഥലത്തിന് സമീപം മുള്ളൻപന്നിയെ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.
വിവരമറിഞ്ഞ് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി പരിശോധന തുടങ്ങി പുലിയെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
ഇന്നലെ നിലമ്പൂർ പോത്തുകല്ലില്‍ പുലിയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ച് വനം വകുപ്പ്. പോത്തുകല്ലിലെ റബര്‍ തോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാനിനെ പുലി പിടിച്ചതാണെന്ന് കണ്ടെത്തിയത്. നിലമ്പൂര്‍ റേഞ്ചിന് കീഴിലെ വെള്ളിമുറ്റം കൊടീരി വനത്തിന് സമീപം നൂറ്റിപ്പത്ത് ഏക്കറയിലാണ് പുലി മാനിനെ പിടികൂടി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളികളാണ് മാനിന്റെ ജഡം കണ്ടത്. തുടർന്ന് ഇവർ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
നാല് വയസ് പ്രായമുള്ള പെൺ മാനാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിലമ്പൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എസ്. ശ്യാമിന്റെ നേതൃത്വത്തില്‍ മാനിന്റെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം വനത്തില്‍ മറവ് ചെയ്തു. കഴിഞ്ഞ ദിവസം എരുമമുണ്ട ഇരുനൂറില്‍ മുട്ടണോലിക്കല്‍ ഫിലിപ്പോസിന്റെ കോഴി ഫാമിന് സമീപം ചങ്ങലയില്‍ ബന്ധിച്ചിരുന്ന നായയെ പുലി കൊന്ന് ഭക്ഷിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ജനവാസ കേന്ദ്രത്തിന് സമീപം പുലി മാനിനെ പിടികൂടി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടതിന് പിന്നാലെ ഇരുനൂറില്‍ പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എരുമമുണ്ട. വെള്ളിമുറ്റം, കെടീരി, എഴുമാംപാടം, കുറുമ്പലങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലാണ് പുലിയുടെ സാന്നിധ്യമുള്ളത്. ഇത് പ്രദേശവാസികളായ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
















