കോട്ടയം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസിൽ പ്രവർത്തിക്കുന്നത് ക്രിമിനൽ സംഘമാണ്. യൂത്ത് കോൺഗ്രസുകാരെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടണം. സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ വേഗത്തിൽ നടപടിയെടുക്കണം. കോൺഗ്രസ് പ്രവർത്തകന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ ഗതി എന്താകും. പൊലീസുകാർ ഫോഴ്സിൽ തന്നെ അപമാനമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിലായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം.
നിമിഷ പ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ നടക്കുന്നതായി നേരത്തെ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. യെമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. തെറ്റിദ്ധരി ച്ച ഇടതുപക്ഷക്കാർ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
2017 ജൂലൈ 25ന് യെമനിൽ നേഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
















