കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്തു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരിൽ 10 പേരുടെ കുടുംബങ്ങൾ അവയവദാനത്തിന് സമ്മതിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഇരകളുടെ കുടുംബങ്ങളുടെ അംഗീകാരത്തോടെയാണ് കുവൈത്തിൽ അവയവദാനം നടന്നത്.
അവരുടെ അവയവങ്ങൾ മറ്റ് രോഗികൾക്ക് മാറ്റിവെച്ചിട്ടുണ്ടെന്ന് കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാനും പ്രശസ്ത സർജനും ആയ ഡോ. മുസ്തഫ അൽ മൗസവി കെടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 20 വൃക്കകൾ ,3 ഹൃദയങ്ങൾ, 4 കരൾ, 2 ശ്വാസകോശങ്ങൾ (ഒന്നിന് മാത്രമേ പ്രവർത്തനക്ഷമത ഉണ്ടായിരുന്നുള്ളു) എന്നിവയാണ് സ്വീകരിച്ചത്.
ഹൃദയവും വൃക്കയും കുവൈത്തിൽ തന്നെയും, കരൾ മാറ്റിവെക്കൽ ചികിത്സ താൽക്കാലികമായി നിർത്തിവെച്ചതിനാൽ അബുദാബിയിലേക്ക് അയച്ചും ചികിത്സ നടന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മൂന്നു കുവൈത്തി രോഗികൾക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് കാർഡിയാക് സർജൻ ഡോ. ബദർ അൽ അയ്യദ് അറിയിച്ചു. ഒരു ദാരുണ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ എടുത്ത ധീരമായ തീരുമാനമാണ് ഇന്ന് മറ്റൊരുപാട് രോഗികൾക്ക് പുതിയ ജീവൻ നൽകിയത്. കുവൈത്തിലെ ആരോഗ്യ രംഗത്ത് ഇത് വലിയ മാനുഷിക സന്ദേശമായി മാറിയിരിക്കുകയാണ്.
















