തിരുവനന്തപുരം: ആലപ്പി റിപ്പിള്‍സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊല്ലം സെയിലേഴ്‌സ് കെസിഎല്ലിന്റെ സെമിയില്‍ കടന്നു. തോല്‍വിയോടെ ആലപ്പി റിപ്പിള്‍സ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം മൂന്നോവര്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ ജി അമലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പിയ്ക്ക് വേണ്ടി ജലജ് സക്‌സേനയും എ കെ ആകര്‍ഷും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. ആകര്‍ഷ് തകര്‍ത്തടിച്ചപ്പോള്‍ ആദ്യ ഓവറുകളില്‍ ആലപ്പിയുടെ ഇന്നിങിസ് അതിവേഗം മുന്നോട്ട് നീങ്ങി. എട്ട് റണ്‍സെടുത്ത ജലജ് സക്‌സേന തുടക്കത്തില്‍ തന്നെ മടങ്ങി. തുടര്‍ന്നെത്തിയ ആകാശ് പിള്ളയ്‌ക്കൊപ്പം ചേര്‍ന്ന് ആകര്‍ഷ് ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എട്ടാം ഓവറില്‍ സച്ചിന്‍ ബേബിയുടെ പന്തില്‍ ആകര്‍ഷ് പുറത്തായത് ആലപ്പിയ്ക്ക് തിരിച്ചടിയായി. പിന്നീടെത്തിവര്‍ക്ക് മികച്ച റണ്‍റേറ്റ് നിലനിര്‍ത്തായില്ല. ആകാശ് പിള്ളയും അനൂജ് ജോതിനും 33 റണ്‍സ് വീതം നേടി. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം പോലും കടക്കാന്‍ കഴിഞ്ഞില്ല. മൂന്നോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ ജി അമലാണ് കൊല്ലം ബൌളിങ് നിരയില്‍ തിളങ്ങിയത്. പവന്‍ രാജ് മൂന്നോവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് ഓപ്പണര്‍ ഭരത് സൂര്യയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. നാല് റണ്‍സെടുത്ത സച്ചിന്‍ ബേബി റണ്ണൌട്ടായി. 25 റണ്‍സെടുത്ത അഭിഷേക് ജെ നായര്‍ കൂടി പുറത്തായത് കൊല്ലം സെയിലേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ 14 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്‌സുമടക്കം 39 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ ഇന്നിങ്‌സ് മല്‍സരം കൊല്ലത്തിന് അനുകൂലമാക്കി. രാഹുല്‍ ശര്‍മ്മ 27 റണ്‍സെടുത്തു. ഷറഫുദ്ദീന്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ആദി അഭിലാഷ് നാല് വിക്കറ്റ് വീഴ്ത്തി.
















