കോഴിക്കോട്: സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളവും പൂവിളിയുമായി ഒരു തിരുവോണം കൂടി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ച പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ.
മലരിന്‍ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്‍ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.
പൂക്കളമൊരുക്കിക്കഴിഞ്ഞാൽ പിന്നെ ഓണസദ്യയാണ്. നാക്കിലയിൽ വിളമ്പുന്ന വിഭവങ്ങൾ മനസും വയറും നിറയ്ക്കും. സദ്യകഴിഞ്ഞാൽ പിന്നെ ഓണക്കളികളാണ്, തിരുവാതിരയും, ഊഞ്ഞാലാട്ടവും, കസേരകളിയും അങ്ങനെ ഒത്തുചേരലിൻറെ ആരവമുയരുന്ന ഓണക്കലാശക്കൊട്ട്.
ഒരു നാടിൻറെ സ്‌നേഹവും ചന്തവും നിറയുന്ന തിരുവോണം. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്ന് ഫ്‌ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണത്തിൻറെ പകിട്ട് കുറയുന്നതേയില്ല.
















