കുന്നംകുളം: സംസ്ഥാന പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ കുന്നംകുളം ലോക്കപ്പ് മർദന കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ പുറത്തുവരുന്നു. വൻതുക നൽകി കേസില്ലാതാക്കാൻ തന്നെയും കോൺഗ്രസ് പ്രാദേശിക നേതാവിനെയും സമീപിച്ചിരുന്നെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത്.
20 ലക്ഷം വരെ വാഗ്‌ദാനം ചെയ്‌തെങ്കിലും നിയമത്തിന്റെ വഴി സ്വീകരിക്കാൻ തയ്യാറായതോടെ പിൻമാറുകയായിരുന്നു. നിയമനടപടിക്ക് മുൻകൈയെടുത്ത പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനെയും ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർ സമീപിച്ചിരുന്നു.
2023 ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. ലോക്കപ്പിനുള്ളിൽ യുവാവ് കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും പൊലീസ് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പരമാവധി രണ്ട് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ മൂന്ന് വർഷത്തേക്ക് തടഞ്ഞെന്നും ഇൻക്രിമെൻ്റ് രണ്ട് വർഷത്തേക്ക് മരവിപ്പിച്ചെന്നുമാണ് നടപടിയായി പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതേ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ജില്ലയിൽ ക്രമസമാധാനച്ചുമതലയിൽ തുടരുകയാണ്.
















