തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബെംഗ്ലൂരൂവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. അതേസമയം, ഇരകളായ യുവതികളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. യുവതി ചികില്‍സ തേടിയ ബെംഗളൂരുവിലെ ആശുപത്രിയിൽ എത്തും. ആശുപത്രി തിരിച്ചറിഞ്ഞെന്നു ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികില്‍സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്‍റിന് നോട്ടീസ് നല്‍കി രേഖകള്‍ കസ്റ്റഡിയിലെടുക്കും. മൂന്നാം കക്ഷികളായ പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കാൻ മാത്രമാണ് ക്രൈംബ്രാഞ്ചിന് ഇതുവരെയും സാധിച്ചിട്ടുള്ളത്.
നടി റിനിയുടെ വെളിപ്പെടുത്തൽ, ഗർഭഛിദ്രം നടത്താൻ യുവതിയെ പ്രേരിപ്പിക്കുന്ന മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിനും ബാലാവകാശ കമ്മീഷനും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള ക്രൈംബ്രാഞ്ച് തീരുമാനം. കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസങ്ങളായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇരയാക്കപ്പെട്ട യുവതികളുടെ മൊഴിയെടുത്ത് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിട്ടത്. എന്നാൽ മൊഴി നൽകാൻ യുവതികൾ തയാറായിട്ടില്ലെന്നാണ് വിവരം. കേസുമായി മുന്നോട്ട് പോകാനുള്ള താൽപര്യക്കുറവും അടുത്ത ബന്ധമുള്ളവരോട് യുവതികൾ പങ്കുവെച്ചതായും വിവരമുണ്ട്.
















