ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു. ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്.
തിരക്കേറിയ മാർക്കറ്റിൽ വെച്ച് വിശ്വകർമ ചൗഹാൻ ഭാര്യയെ വെടിവെച്ചുകൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് വിശ്വകര്‍മയെ അറസ്റ്റ് ചെയ്തു. കുടുംബ വഴക്കും വിവാഹമോചനക്കേസും നടന്നു വരികയായിരുന്നു. ഇതാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും ഒന്നര വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ ബന്ധത്തിൽ ഇവര്‍ക്ക് 13 വയസ്സുളള മകളുമുണ്ട്. യുവതി മകളോടോപ്പം ഷാപൂർ പ്രദേശത്തെ ഗീത് വാടിക്ക് സമീപമുളള വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ബാങ്ക് റോഡിലുളള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഫോട്ടോ എടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ മംമ്തയെ വിശ്വകർമ പിന്തുടര്‍ന്നു.
സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങിയെ ഉടനെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് ഇത് ശാരീരിക ഉപദ്രവത്തിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് യുവതിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ തന്നെ മംമ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ തന്റെ പണം നശിപ്പിക്കുകയായിരുന്നത് കൊണ്ട് അവളെ കൊന്നതിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു.
















