ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കഴിക്കാൻ കിടിലൻ സ്വാതിലൊരു ചമ്മന്തിപൊടി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഐറ്റം.
ആവശ്യമായ ചേരുവകൾ
- തേങ്ങ ചിരകിയത് – 3 കപ്പ്
- ഉഴുന്ന് – 3/4 കപ്പ്
- മല്ലി – 3 സ്പൂണ്‍
- വറ്റൽ മുളക് – 20 എണ്ണം
- കായപ്പൊടി – 3/4 സ്പൂണ്‍ ( അധികം ആകരുത് കയ്പ് രസം വരും )
- പുളി – വലുപ്പമുള്ള ഒരു ചെറുനാരങ്ങയോളം
- കറിവേപ്പില – 2 പിടി
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ ചുവക്കെ വറുത്തു ഒരു ഈർപ്പമില്ലാത്ത പാത്രത്തിൽ വയ്ക്കുക. തേങ്ങയുടെ വറവ് മുക്കാലാകുമ്പോൾ കറിവേപ്പില അതിലേക്കു ചേർത്താൽ തേങ്ങ വറുന്നു പാകമാകുമ്പോഴേക്കും കറിവേപ്പിലയും പാകത്തിന് വറന്നിട്ടുണ്ടാകും. മല്ലി നന്നായി വറുത്ത് മറ്റൊരു ഈർപ്പമില്ലാത്ത പാത്രത്തിൽ വയ്ക്കുക. മുളക് നന്നായി വറുത്തു വേറെ ഈർപ്പമില്ലാത്ത പാത്രത്തിൽ വയ്ക്കുക. ഉഴുന്ന് ചുവക്കെ വറുത്തു മറ്റൊരു ഈർപ്പമില്ലാത്ത പാത്രത്തിൽ വയ്ക്കുക. കായപ്പൊടി 1/2 സ്പൂണ്‍ എണ്ണയിൽ അര മിനിട്ട് ചൂടാക്കി ഇളക്കി എടുത്തു വറുത്തു വച്ചിരിക്കുന്ന തേങ്ങയിൽ ചേർക്കുക. ഇനി ഓരോന്നായി മിക്സിയിൽ ഇട്ടു പൊടിച്ചു വേറെ വേറെ ആയി വയ്ക്കുക. പുളി തേങ്ങയുടെ കൂടെ ഇട്ടു പൊടിക്കണം. തേങ്ങയും പുളിയും കൂടി പൊടിച്ചു വച്ചതിൽ പാകത്തിന് ഉപ്പിട്ട് ഇളക്കി മിക്സിയുദെ ജാറിലേക്കിടുക. ബാക്കി വറുത്തു പൊടിച്ചു വച്ചിരിക്കുന്ന ചേരുവകളും ഇതിന്റെ കൂടെ ഇടുക. ഇനി ഒന്നുകൂടി പൊടിക്കുക.
















