കണ്ണൂര്‍: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധന കഴിഞ്ഞ് മടങ്ങവെ മധ്യവയസ്‌കന്‍ വളപട്ടണം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി. പാപ്പിനിശ്ശേരി കീച്ചേരി പാമ്പാല സ്വദേശി സി പി ഗോപിനാഥന്‍ (63) ആണ് കുടുംബാംഗങ്ങളെ തട്ടിമാറ്റി വെള്ളത്തിലേക്ക് ചാടിയത്. അഗ്നിരക്ഷാ സേനയും തീരദേശ പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വ്യാഴാഴ്ച്ച വൈകീട്ട് 3.45ഓടെയായിരുന്നു സംഭവം. ഗോപിനാഥന്‍ ശസ്ത്രക്രിയ കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയിട്ട് അധിക ദിവസമായിരുന്നില്ല. ആരോഗ്യസംബന്ധമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് മുന്‍ പ്രവാസിയായിരുന്ന ഇയാള്‍ പുഴയിലേക്ക് ചാടിയത്.
പാലത്തിലെ ഗതാഗതക്കുരുക്കിനിടെ ഛര്‍ദിക്കണമെന്ന് പറഞ്ഞ് ഗോപിനാഥന്‍ കാറില്‍ നിന്ന് ഇറങ്ങി. ഭാര്യയും മകളും ഒപ്പം ഇറങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അവരെ തള്ളിമാറ്റിയ ഗോപിനാഥന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ബന്ധുക്കള്‍ ബഹളമുണ്ടാക്കുന്നത് കേട്ട നാട്ടുകാര്‍ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.
















