ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ വ്യാപാര കരാറിന്റെ ചർച്ചയ്‌ക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‍നിക്. വാഷിങ്ടൻ എപ്പോഴും ചർച്ചകൾക്ക് തയാറാണെന്നും റഷ്യൻ എണ്ണയുടെ വാങ്ങൽ വർധിപ്പിച്ചത് ഇന്ത്യ ചെയ്ത തെറ്റാണെന്നും ലുട്നിക് പറഞ്ഞു.
ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്‌ക്ക് എത്തുമെന്ന് ഞാൻ കരുതുന്നു. അവർ ക്ഷമ ചോദിക്കും. ഡോണൾഡ് ട്രംപുമായി ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല ഞങ്ങൾ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്– ലുട്നിക് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ലുട്നിക് ഇന്ത്യയെ വിമർശിച്ചു. റഷ്യൻ സംഘർഷത്തിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് തങ്ങളുടെ എണ്ണയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാലിപ്പോൾ ഇന്ത്യ തങ്ങളുടെ എണ്ണയുടെ 40% റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും ലുട്നിക് കുറ്റപ്പെടുത്തി.
















