അമ്മയ്‌ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ പത്തു വയസ്സുകാരിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. കൊടുവള്ളി മാനിപുരം ചെറുപുഴയിലാണ് ഒഴുക്കിൽപ്പെട്ടത്. രാത്രി എട്ടരയോടെ നിർത്തി വെച്ച തെരച്ചിൽ രാവിലെ ആറു മണിയോടെയാണ് തുടങ്ങിയത്. വൈകീട്ട് നാലരയോടെയാണ് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമാണ് ഒഴുക്കിൽപ്പെട്ടത്. മകനെ അപകടം നടന്നയുടൻ എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും പത്തുവയസുകാരിയായ തൻഹ ഷെറിനെ രക്ഷിക്കാൻ സാധിച്ചില്ല. ഒഴുക്കിൽപ്പെട്ട കുട്ടിക്കായി ഫയർഫോഴ്സ് സ്കൂബ ടീമും, വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
















