ഗുണ്ടൂർ: ആന്ധ്രപ്രദേശ് ഗുണ്ടൂർ ജില്ലയിലെ തുരകപാലം ഗ്രാമത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രാമത്തിൽ അജ്ഞാത രോഗം ആളുകൾക്ക് ബാധിച്ച സാഹചര്യത്തിലാണ് നടപടി. രണ്ട് മാസത്തിനിടെ 20 പേർക്ക് ജീവൻ നഷടപ്പെട്ടു. രണ്ട് പേർ ഇപ്പോൾ ചികിത്സയിലാണ്. മെലിയോയിഡോസിസ് എന്നറിയപ്പെടുന്ന ബാക്ടീരിയൽ അണുബാധയാണ് ഇവരുടെ ജീവനെടുത്തതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വെള്ളിയാഴ്ച സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. പിന്നാലെ പ്രദേശത്തെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ വിദഗ്ദ്ധർ അടങ്ങിയ ഉന്നതതല മെഡിക്കൽ സംഘത്തെ അയക്കാനും തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. രഘുനന്ദന്റെ നേതൃത്വത്തിലുള്ള സംഘം രോഗബാധിത ഗ്രാമം സന്ദർശിച്ച് സമഗ്രമായ അന്വേഷണം നടത്തും.
മഴക്കാലത്തും വെള്ളപ്പൊക്ക സമയങ്ങളിലും മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കാണപ്പെടുന്ന ബർഖോൾഡേറിയ സ്യൂഡോമല്ലി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് മെലിയോയിഡോസിസ്. ഗുരുതരമായ അണുബാധയാണിത്. ആൻ്റിബയോട്ടിക്കുകൾ സമയമെടുത്താണെങ്കിലും രോഗമുക്തി നൽകുമെങ്കിലും രോഗനിർണയം ഒരു വെല്ലുവിളിയാണ്. പ്രമേഹബാധിതരടക്കം മറ്റ് രോഗങ്ങൾ അലട്ടുന്ന വ്യക്തികളിലാണ് മെലിയോയിഡോസിസ് ബാധിച്ചതെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. ഗ്രാമത്തിലെ 2,500 താമസക്കാരെയും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇവരുടെ വൃക്കകളുടെ പ്രവർത്തനം, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയടക്കം പരിശോധിക്കുമെന്നാണ് വിവരം.
അതേസമയം മെലിയോയിഡോസിസ് ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും 55 വയസ്സിന് മുകളിലുള്ള പുരുഷന്മാരാണ്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം വേഗത്തിൽ ശ്വാസകോശത്തെ ബാധിക്കും. പിന്നീട് മറ്റ് ആന്തരികാവയവങ്ങളെയും രോഗകാരിയായ ബാക്ടീരിയ കീഴ്പ്പെടുത്തും. ശരീരമാസകലം വ്രണങ്ങളും ഈ രോഗത്തിൻ്റെ വ്യാപനത്തിനനുസരിച്ച് രൂപപ്പെടും. ഈ സാഹചര്യത്തിൽ ഗ്രാമവാസികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. ആവശ്യമെങ്കിൽ എയിംസ്, മംഗളഗിരി, അന്താരാഷ്ട്ര മെഡിക്കൽ വിദഗ്ദ്ധരുടെയും സഹായം തേടാനും ആരോഗ്യ വകുപ്പ് അധികൃതർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി.
















