മുംബൈ: സോലാപൂർ ഡിവൈഎസ്പി അഞ്ജന കൃഷ്ണയെ ഉപമുഖ്യമന്ത്രി അജിത് പവാർ പരസ്യമായി ശകാരിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം ആളിക്കത്തുന്നു. വാക്കുതർക്കമായി തുടങ്ങിയ സംഭവം രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും ഇടപെട്ടതോടെ വലിയൊരു വിവാദമായി.ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയുടെ യോഗ്യത പരിശോധിക്കണമെന്ന ആവശ്യവുമായി എൻസിപി.
സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയപ്പോളാണ് അഞ്ജന കൃഷ്ണയെ അജിത് പവാർ ഫോണിൽ വിളിച്ചത്. ഒരു എൻസിപി പ്രവർത്തകന്റെ ഫോണിലാണ് അജിത് പവാർ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികൾ നിർത്തിവെക്കണമെന്നുമാണ് അജിത് പവാർ ആദ്യം ഫോണിലൂടെ പറഞ്ഞത്. എന്നാൽ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനാൽ തന്റെ നമ്പരിലേക്ക് വിളിക്കാനും ഇവർ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. ‘നിങ്ങൾക്കെതിരേ ഞാൻ നടപടി സ്വീകരിക്കും’ എന്ന് അജിത് പവാർ പിന്നീട് ഉദ്യോഗസ്ഥയോട് പറഞ്ഞു.
അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗത്തിലെ എംഎൽസി അമോൽ മിത്കരി, യുപിഎസ്സിക്കു കത്തയച്ചതോടെയാണ് വിവാദത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്. അഞ്ജനയുടെ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവ പരിശോധിക്കണമെന്ന് മിത്കരി കത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അഞ്ജന കൃഷ്ണ. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്ക് നേടിയാണ് സർവീസിലെത്തിയത്.’ഇതിനെയാണോ നമ്മൾ അമ്മാവൻ ഭരണം എന്നു വിളിക്കുന്നത്? എന്ത് വിഡ്ഢിത്തമാണിത്?’ അഞ്ജനയ്ക്കു പിന്തുണ പ്രഖ്യാപിച്ച സാമൂഹിക പ്രവർത്തക അഞ്ജലി ദമാനിയ ചോദിച്ചു. മിത്കരി സ്വന്തം നിലയ്ക്കാണോ അതോ ഉന്നതങ്ങളിൽനിന്നുള്ള നിർദ്ദേശപ്രകാരമാണോ കത്ത് അയച്ചതെന്നും അവർ സംശയം പ്രകടിപ്പിച്ചു. അനധികൃത മണൽ ഖനനത്തിനെതിരെ അഞ്ജന സ്വീകരിച്ച കർശന നടപടികളാണ് യഥാർത്ഥ കാരണമെന്നും ദമാനിയ ആരോപിച്ചു.
സാമൂഹിക പ്രവർത്തകർ നിശബ്ദരായിരിക്കില്ലെന്നും, ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നാൽ വിഷയം കോടതിയിലേക്ക് കൊണ്ടുപോകുെമന്നും അവർ മുന്നറിയിപ്പ് നൽകി. ‘ഈ രാഷ്ട്രീയക്കാർക്ക് ഒരു ഐപിഎസ് ഉദ്യോഗസ്ഥയുടെ ഷൂ പോളിഷ് ചെയ്യാനുള്ള യോഗ്യത പോലുമില്ല. ഖേദകരമെന്നു പറയട്ടെ, ഇന്ന് അധികാരം അവരുടെ കൈകളിലാണ്,’ശിവജി, ഷാഹു, ഫൂലെ, അംബേദ്കർ എന്നിവരുടെ ആദർശങ്ങൾ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് മിത്കരിയുടെ നീക്കം അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവ് യശോമതി താക്കൂർ അപലപിച്ചു. ‘എന്തിനാണ് ഇപ്പോൾ പെട്ടെന്ന് കൃഷ്ണയുടെ ജാതിയും രേഖകളും ചോദ്യം ചെയ്യുന്നത്? ഈ സമയത്ത് ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത് എന്താണ്?’ എന്ന് യശോമതി ചോദിച്ചു.
‘സോലാപൂരിലെ പോലീസ് ഉദ്യോഗസ്ഥരുമായുള്ള എന്റെ ഇടപെടലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടു. നിയമപാലനത്തിൽ ഇടപെടുക എന്നതായിരുന്നില്ല ഉദ്ദേശ്യമെന്നും മറിച്ച് അവിടുത്തെ സാഹചര്യം ശാന്തമായിരിക്കണമെന്നും കൂടുതൽ വഷളാകരുതെന്നും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ പോലീസ് സേനയോടും അതിലെ ഉദ്യോഗസ്ഥരോടും, പ്രത്യേകിച്ച് ധീരതയോടും മികവോടും കൂടി സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥരോടും എനിക്ക് ബഹുമാനമുണ്ട്. എല്ലാറ്റിനുമുപരിയായി ഞാൻ നിയമവാഴ്ചയെ വിലമതിക്കുന്നു.’ അജിത് പവാർ എക്‌സിലൂടെ പ്രതികരിച്ചു.
















