ന്യൂഡൽഹി: നെഞ്ചിൽ തറച്ച കത്തിയുമായി 15 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ പഹർഗഞ്ച് മേഖലയിൽ ആണ് സംഭവം ഉണ്ടായത്. സഹപാഠിയെ കുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിനു പുറത്തുവച്ച് ഉണ്ടായ ആക്രമണത്തിൽ പരുക്കേറ്റ പതിനഞ്ചു വയസ്സുകാരൻ നെഞ്ചിൽ തറച്ച കത്തിയുമായാണ് പഹർഗഞ്ച് സ്റ്റേഷനിലേക്കെത്തിയതെന്നും വാർത്താക്കുറിപ്പിൽ പൊലീസ് അറിയിച്ചു. പിന്നീട് ആർഎംഎൽ ആശുപത്രിയിലേക്കു മാറ്റി. ആർഎംഎൽ ആശുപത്രിയിൽ വച്ചാണ് കത്തി നെഞ്ചിൽനിന്നു നീക്കിയത്. അറസ്റ്റ് ചെയ്ത കുട്ടികളിൽ ഒരാൾക്ക് 10-15 ദിവസത്തിനുമുൻപ് മർദനമേറ്റിരുന്നു. ആ സംഭവത്തിനു പിന്നിൽ ഈ വിദ്യാർഥിയാണെന്ന് ആരോപിച്ചാണ് വ്യാഴാഴ്ച കുത്തിപ്പരുക്കേൽപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം പൊലീസ് അറിയിച്ചു.
സ്കൂൾ ഗേറ്റിനു സമീപം വിദ്യാർഥിയെ തടഞ്ഞ് മറ്റു രണ്ടുപേർക്കൊപ്പം കുത്തുകയായിരുന്നു. ഒരാൾ കുത്തിയപ്പോൾ മറ്റു രണ്ടുപേർ പിടിച്ചുവച്ചു. അതിലൊരാൾ പൊട്ടിയ ബീയർ കുപ്പിയുമായി വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 15, 16 വയസ്സുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. കത്തിയും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച പൊട്ടിയ ബീയർ കുപ്പിയും സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
















