അട പ്രഥമനിൽ ചേർക്കേണ്ട അട ഉണ്ടാക്കാനും ഈസി ആണ്. കടയിൽ നിന്നും വാങ്ങുന്ന അട അൽപം കട്ടിയായി തോന്നിയേക്കാം. അതിനാൽ അവ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. ഒരുപിടി ഉണക്കലരി ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ അത് വീട്ടിൽ തയ്യാറാക്കാം.
ചേരുവകള്‍
ഉണക്കലരി – ഒരു കപ്പ്
നെയ്യ്- 1 സ്പൂൺ
വെള്ളം- ആവശ്യത്തിന്
വാഴയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉണക്കലരി ആദ്യം കഴുകിയെടുക്കാം. അത് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കാം. ശേഷം വെള്ളം കളഞ്ഞെടുക്കാം. വെള്ളം നന്നായി വലിഞ്ഞതിനു ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കാം. തരിയായി കട്ടകളില്ലാതെ വേണം അരി പൊടിച്ചെടുക്കാൻ. ഈ പൊടി വെള്ളത്തിൽ ഒഴിച്ച് കലക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ നെയ്യ് ചേർത്തിളക്കി യോജിപ്പിക്കാം. വാഴയില നന്നായി തുടച്ചെടുക്കാം. ഇത് അടുപ്പിൽ വാട്ടിയെടുക്കാം. ഒരോ വാഴയില കഷ്ണങ്ങങ്ങളിലും അരിമാവ് ഒഴിക്കാം. കനം കുറയ്ക്കണമെങ്കിൽ വിരലുകൾ ഉപയോഗിച്ച് നേർപ്പിക്കാം. ശേഷം ഇലകൾ ചുരുട്ടിയെടുക്കാം. ഇത് തിളക്കുന്ന വെള്ളത്തിൽ ചേർത്തു വേവിച്ചെടുക്കാം. ബുദ്ധിമുട്ടുള്ളതായി തോന്നിയാൽ ഇഡ്ഡലി തട്ടിൽ വച്ചു വേവിച്ചെടുക്കാം. ശേഷം തുറന്നെടുത്ത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്ത ഇലച്ചുരുളുകൾ നിവർത്തി അടകൾ വേർപെടുത്തിയെടുക്കാം.
















