ഗാസയില്‍ ഇസ്രായേൽ നടത്തുന്നത് വശംഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സ് ഇസ്രയേലിനെതിരെ രംഗത്ത്. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് സംഘടന ഒരു പ്രമേയം പാസാക്കുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 59000ത്തില്‍ അധികം പേര് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന യുഎൻ സ്ഥിതിവിവരക്കണക്കുകൾ പ്രമേയം ഉദ്ധരിക്കുന്നു. എന്നാല്‍, ഇതെല്ലാം ഇസ്രയേൽ ഭരണകൂടം നിഷേധിച്ചു. ഗാസയിലെ ജനങ്ങളുടെ അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യുതി സേവനങ്ങൾ എന്നിവ ഇസ്രയേൽ മനഃപൂർവ്വം നിഷേധിച്ചിരിക്കുകയാണെന്നും വംശഹത്യ നിരീക്ഷിക്കുന്ന സംഘടനയുടെ പ്രമേയത്തില്‍ പറയുന്നു.
ഗാസയിലെ ഇസ്രയേലിൻ്റെ നയങ്ങളും നടപടികളും ഗാസയിലെ പലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വംശഹത്യയും യുദ്ധക്കുറ്റകൃത്യങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രയേൽ സർക്കാരിനോട് ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സ് ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്കെതിരെയുള്ള ആക്രമണം പ്രതിരോധിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഒക്ടോബർ 7 ലെ ഹമാസിൻ്റെ ആക്രമണത്തിന് ശേഷം സ്വയം പ്രതിരോധത്തിനായി പോരാടുകയാണെന്നും ഇസ്രയേൽ വ്യക്തമാക്കുന്നു. എന്നാല്‍, ഇതെല്ലാം നിഷേധിച്ച് കൊണ്ട് ലോകമെമ്പാടുമുള്ള ഏകദേശം 500 അംഗങ്ങളുള്ള ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സ് ഇസ്രയേലിനെതിരെ പ്രമേയം പാസാക്കുകയായിരുന്നു. 86% പേരും ഈ പ്രമേയത്തെ പിന്തുണച്ചു.
ലോകത്ത് നടക്കുന്ന വംശഹത്യ എന്താണെന്ന കാര്യം മനസിലാക്കാൻ തങ്ങള്‍ക്ക് കഴിയുമെന്ന് സംഘടനയുടെ പ്രസിഡൻ്റും വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിലെ അന്താരാഷ്ട്ര നിയമ പ്രൊഫസറുമായ മെലാനി ഒബ്രയൻ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു.
യുദ്ധം മൂലം പലായനം ചെയ്യപ്പെട്ട ഗാസയിലെ ജനങ്ങളൾ ഇപ്പോൾ യുദ്ധത്തിൻ്റെയും പട്ടിണിയുടെയും വലിയ ഭീഷണികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. “തുടർച്ചയായ ആക്രമണത്തിൻ്റെയും ഇസ്രയേലിൻ്റെ ഉപരോധവും മൂലമുണ്ടായ പ്രതിസന്ധിയാണിത്, ആവർത്തിച്ചുള്ള കൂട്ട കുടിയിറക്കവും ഭക്ഷ്യ ഉത്പാദന തകർച്ചയും ഇതിനെ കൂടുതൽ രൂക്ഷമാക്കി” എന്ന് അന്താരാഷ്ട്ര പ്രമുഖ ഭക്ഷ്യ ക്രൈസിസ് അതോറിറ്റി പറഞ്ഞു.
യുദ്ധത്തിൽ നിരവധിപേർ ഇതിനോടകം കൊല്ലപ്പെട്ടു. 63,557 പലസ്തീനികൾ ആകെ കൊല്ലപ്പെടുകയും 160,660 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ പകുതിയോളവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
















