കണ്ണൂർ: മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശൻ സദ്യ കഴിച്ചതിനെ വിമർശിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ എംപി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയിൽ വെച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിയുമായി ഒരുമിച്ച് ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘‘ഞാനാണെങ്കിൽ ചെയ്യില്ലായിരുന്നെന്നു, മോശമായി പോയി.’’– സുധാകരൻ പറഞ്ഞു. മനുഷ്യത്വരഹിതമായ മർദനമാണ് കുന്നംകുളത്തേത്. കസ്റ്റഡി മർദനത്തെ പാർട്ടി നിയമപരമായി നേരിടുമെന്നും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ നേതാക്കൾക്കും പൗരപ്രമുഖർക്കും മത–സാമുദായിക നേതാക്കൾക്കുമായി ബുധനാഴ്ച മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിലാണ് വി.ഡി.സതീശൻ പങ്കെടുത്തത്. നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്നാണ് സതീശൻ സദ്യ കഴിച്ചത്. ഇതിനെതിരെ അന്നു തന്നെ വിവിധ ഭാഗങ്ങളിൽനിന്നു വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കെ.സുധാകരനും പരസ്യവിമർശനം നടത്തിയത്.
















