കേന്ദ്ര സർക്കാറിന്‍റെ ജിഎസ്‌ടി നിരക്കുകളിലെ പരിഷ്‌കരണം ഓട്ടോമൊബൈൽ രംഗത്തേയും ബാധിക്കും. ഇത് ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹനങ്ങളുടെ വരെ വിലയിൽ വൻ മാറ്റമാണ് ഉണ്ടാകുക. ജിഎസ്‌ടി നിരക്കുകളിലെ കുറവ് മിക്ക വാഹനങ്ങളുടെയും വില കുറയ്‌ക്കുമെങ്കിലും, ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം ചില വാഹനങ്ങൾക്ക് വില കൂടും.
350 സിസി എഞ്ചിൻ വിഭാഗത്തിന് മുകളിലുള്ള പ്രീമിയം ഇരുചക്ര വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 350 സിസിയിൽ കൂടുതൽ എഞ്ചിനുകളുള്ള പ്രീമിയം ബൈക്കുകൾക്ക് 28 ശതമാനത്തിന് പകരം 40 ശതമാനമാണ് ഇപ്പോൾ ജിഎസ്‌ടി ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 22 മുതലാണ് പുതിയ ജിഎസ്‌ടി നിരക്കുകൾ ബാധകമാവുക.
അതേസമയം, 350 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് നിലവിൽ 28 ശതമാനമാണ് ജിഎസ്‌ടി ഈടാക്കുന്നത്. ഇത് 18 ശതമാനമായി കുറയും. ലളിതമായി പറഞ്ഞാൽ, ഉയർന്ന ഡിമാൻഡുള്ള പ്രീമിയം ബൈക്കുകൾക്ക് ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം വില കൂടും. സെപ്റ്റംബർ 22ന് ശേഷം വില വർധിക്കാൻ പോകുന്ന, നന്നായി വിറ്റഴിക്കപ്പെടുന്ന 5 പ്രീമിയം ബൈക്കുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
1. റോയൽ എൻഫീൽഡ് ഹിമാലയൻ 450
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഡ്വഞ്ചർ ബൈക്കുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450. വില വർധിക്കാൻ പോകുന്ന ബൈക്കുകളുടെ ഈ പട്ടികയിലെ ആദ്യ പേര് റോയൽ എൻഫീൽഡ് ഹിമാലയൻ 450 ആണ്. ടൂറിങിനും ഓഫ്-റോഡിങിനും അനുയോജ്യമായ മെക്കാനിക്കൽ സജ്ജീകരണം ഉള്ളതിനാൽ മികച്ച റൈഡിഹ് എക്‌സ്‌പീരിയൻസ് നൽകുന്ന ഹിമാലയൻ 450 ബൈക്ക് പ്രേമികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.
ഹിമാലയൻ 411ന്‍റെ പിൻഗാമിയാണിത്. ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ ബൈക്കിന് മികച്ച വിൽപ്പനയും ലഭിക്കുന്നുണ്ട്. 39 bhp പവറും 40 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 452 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹിമാലയൻ 450ന് കരുത്ത് പകരുന്നത്. ഈ ബൈക്ക് നിലവിൽ 2.85 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയിലാണ് വിൽക്കുന്നത്. സെപ്റ്റംബർ 22ന് ശേഷം വില ഇനിയും വർധിക്കും.
2. ബജാജ് പൾസർ NS400Z
373 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനായതിനാൽ തന്നെ വില വർധിക്കാൻ പോകുന്ന ബൈക്കുകളുടെ ലിസ്റ്റിൽ ബജാജ് പൾസർ NS400Zഉം ഉണ്ട്. 43 bhp പവറും 35 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇതിലുള്ളത്. ബജാജ് ഡൊമിനാർ 400ലെ അതേ എഞ്ചിനാണ് ഇതും. നിരവധി മികച്ച സവിശേഷതകളോടെയാണ് ഈ ബൈക്ക് വിപണിയിലെത്തുന്നതും. ഏറ്റവും ആകർഷകമായ കാര്യം അതിന്‍റെ വിലയായിരുന്നു. സെഗ്‌മെന്‍റിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോട്ടോർസൈക്കിളായിരുന്നു ബജാജ് പൾസർ NS400Z. 1.92 ലക്ഷം രൂപയാണ് അതിന്‍റെ പ്രാരംഭ വില (എക്‌സ്-ഷോറൂം). സെപ്റ്റംബർ 22 മുതൽ വില ഇനിയും വർധിക്കും.
3. കെടിഎം 390 ഡ്യൂക്
ഇന്ത്യൻ വിപണിയിൽ ഒരു നേക്കഡ് സ്ട്രീറ്റ്-ഫൈറ്റർ ആയിട്ടാണ് കെടിഎം 390 ഡ്യൂക്ക് വിൽക്കുന്നത്. പെർഫോമൻസ് ഇഷ്‌ടപ്പെടുന്ന റൈഡർമാർക്കിടയിൽ കെടിഎം 390 ഡ്യൂക്ക് വളരെ ജനപ്രിയമാണ്. 45.3 ബിഎച്ച്പി പവറും 39 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 398.63 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. കെടിഎം 390 ഡ്യൂക്കും ജിഎസ്‌ടി പരിഷ്‌കരണത്തിന്‍റെ പരിധിയിൽ വരുന്നു. സെപ്റ്റംബർ 22 മുതൽ കെടിഎം 390 ഡ്യൂക്കിന്‍റെ വിലയും വർധിക്കും.
മികച്ച പെർഫോമൻസുള്ള ബൈക്ക് ഇഷ്‌ട്ടപ്പെടുന്നവർക്കിടയിൽ കെടിഎം 390 ഡ്യൂക്ക് വളരെ ജനപ്രിയമാണ്. ദൈനംദിന ഉപയോഗത്തിനും ഇത് മികച്ചത് തന്നെയാണ്. പ്രകടനം, കൈകാര്യം ചെയ്യൽ, സവിശേഷതകൾ എന്നിവയ്ക്ക് പേരുകേട്ട സ്ട്രീറ്റ്‌ഫൈറ്ററാണിത്. 2.95 ലക്ഷം രൂപ പ്രാരംഭവിലയിലാണ് (എക്‌സ്-ഷോറൂം) നിലവിൽ കെടിഎം 390 ഡ്യൂക്ക് വിൽക്കുന്നത്. സെപ്റ്റംബർ 22 മുതൽ ഇതിനും വില വർധിക്കും.
4. ട്രയംഫ് സ്‌ക്രാംബ്ലർ 400 എക്‌സ്
ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കുകളിൽ ഒന്നാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400 എക്‌സ്. 398.15 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. പരമാവധി 39.5 ബിഎച്ച്പി പവറും 37.5 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. കമ്പനിയുടെ വലിയ സ്‌ക്രാംബ്ലറിന് സമാനമായ രൂപകൽപ്പന ഇതിനും ലഭിക്കും.
മാത്രമല്ല, ട്രയംഫ് സ്‌ക്രാംബ്ലർ 400 എക്‌സിന് ശക്തമായ റോഡ് സാന്നിധ്യവും മികച്ച ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. ഇത് ഇന്ത്യയിലെ റോഡുകളിൽ എളുപ്പത്തിൽ ഓടാൻ ഈ ബൈക്കിനെ പ്രാപ്‌തമാക്കുന്നു. നിലവിൽ 2.67 ലക്ഷം രൂപയാണ് ഇതിന്‍റെ പ്രാരംഭവില (എക്‌സ്-ഷോറൂം). ജിഎസ്‌ടി നിരക്കുകളിലെ പരിഷ്‌കരണത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 22 മുതൽ വില വർധിക്കും.
5. ഹാർലി ഡേവിഡ്‌സൺ X440
കമ്പനിയുടെ ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിളാണ് ഹാർലി ഡേവിഡ്‌സൺ X440. ജിഎസ്‌ടി നിരക്കുകളിലെ പരിഷ്‌കരണത്തിന് ശേഷം വില വർധിക്കാൻ പോകുന്ന ബൈക്കുകളുടെ ലിസ്റ്റിൽ ഹാർലി ഡേവിഡ്‌സൺ X440ഉം ഉണ്ട്. ഹീറോ മോട്ടോകോർപ്പിന്‍റെയും ഹാർലി-ഡേവിഡ്‌സണിന്‍റെയും പങ്കാളിത്തത്തിലാണ് ഈ ബൈക്ക് വിൽക്കുന്നത്. മികച്ച റോഡ് സാന്നിധ്യം, മികച്ച റൈഡ് ക്വാളിറ്റി, ആകർഷകമായ എക്‌സ്‌ഹോസ്റ്റ് നോട്ടുള്ള ഒരു ടോർക്ക് എഞ്ചിൻ എന്നിവ കൊണ്ട് പേരു കേട്ടതാണ് ഈ മോഡൽ.
440 സിസി സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് ഇതിലുള്ളത്. 27 bhp പവറും 38 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. നിലവിൽ 2.40 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയിൽ വിൽക്കുന്ന ബൈക്കിന് സെപ്‌റ്റംബർ 22ന് ശേഷം ഇനിയും വില വർധിക്കും.
















