ജിഎസ്ടി നിരക്കുകൾ വെട്ടിക്കുറച്ചതിന് പിന്നാലെ, പുതിയ ട്രംപ് തീരുവ കാരണം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സഹായിക്കാൻ പുതിയ പദ്ധതികളൊരുക്കി കേന്ദ്രം. യുഎസ് ഭരണകൂടം പ്രഖ്യാപിച്ച ഉയർന്ന ഇറക്കുമതി തീരുവകൾ കാരണം ബുദ്ധിമുട്ടുന്ന കയറ്റുമതിക്കാർക്കായി ഒരു ദുരിതാശ്വാസ പാക്കേജ് സർക്കാർ തയ്യാറാക്കുകയാണെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം കൈകാര്യം ചെയ്യാൻ കയറ്റുമതിക്കാരെ സഹായിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പദ്ധതികൾ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിന്റെ വലിയൊരു പങ്ക് വഹിക്കുന്ന തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മേഖലകൾ. മറ്റ് വ്യവസായങ്ങളിലെ കയറ്റുമതിക്കാരും സമ്മർദ്ദത്തിലാണ്. തുകൽ, പാദരക്ഷകൾ, രാസവസ്തുക്കൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, കാർഷിക, സമുദ്രോത്പന്ന കയറ്റുമതി എന്നിവയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഈ ഉയർന്ന തീരുവകൾ കാരണം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മത്സരക്ഷമത കുറഞ്ഞേക്കുമെന്ന് കയറ്റുമതിക്കാർ ഭയപ്പെടുന്നു. ഇത് വരും മാസങ്ങളിൽ ഓർഡറുകൾ കുറയാനും ഡിമാൻഡ് ദുർബലമാകാനും ഇടയാക്കുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകി.
ചെറുകിട, ഇടത്തരം കയറ്റുമതിക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാരിന്റെ പദ്ധതി പരിഹാരം കാണാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. വിദേശ വാങ്ങലുകാരിൽ നിന്നുള്ള പണമിടപാടുകൾ വൈകുന്നതിനാൽ ഉയർന്ന പ്രവർത്തന മൂലധനം ആവശ്യമായി വരുന്നത് പല കയറ്റുമതിക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കയറ്റുമതിക്കാർക്ക് അവരുടെ പ്രവർത്തനങ്ങൾ തുടരാൻ കഴിയുന്ന തരത്തിൽ വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഈ പാക്കേജ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തൊഴിലവസരങ്ങൾ നഷ്ടപ്പെടാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. കാരണം ഈ മേഖലകളിൽ പലതും വലിയൊരു വിഭാഗം തൊഴിലാളികൾക്ക്, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിലുള്ളവർക്ക് തൊഴിൽ നൽകുന്നു. അമേരിക്കക്ക് പുറത്ത് പുതിയ വിപണികൾ കണ്ടെത്തുന്നതുവരെ കയറ്റുമതിക്കാർക്ക് താൽക്കാലിക പിന്തുണയായാണ് ഈ സഹായം കാണുന്നത്.
കൊവിഡ്-19 ദുരിതാശ്വാസ പാക്കേജിന്റെ മാതൃകയിലായിരിക്കും ഈ പദ്ധതി തയ്യാറാക്കുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാമാരിയുടെ സമയത്ത്, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നൽകിയത് ബിസിനസ്സുകൾ നിലനിർത്താനും തൊഴിൽ സംരക്ഷിക്കാനും സഹായിച്ചിരുന്നു. പുതിയ തീരുവ വെല്ലുവിളികളെ നേരിടാൻ കയറ്റുമതിക്കാരെ സഹായിക്കുന്നതിന് സമാനമായ ഒരു സമീപനം ഇത്തവണയും സ്വീകരിച്ചേക്കാം.
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച എക്സ്പോർട്ട് പ്രമോഷൻ മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. വിദേശ വിപണികളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളെ കൂടുതൽ മത്സരക്ഷമമാക്കുക, പുതിയ വിപണികളിലേക്ക് വ്യാപാരം വ്യാപിപ്പിക്കുക, പരമ്പരാഗത വ്യാപാര പങ്കാളികളിലുള്ള ആശ്രയം കുറയ്ക്കുക എന്നിവയാണ് ഈ മിഷന്റെ ലക്ഷ്യം. ദുരിതാശ്വാസ പാക്കേജിനൊപ്പം ഇത്, വ്യാപാര സാഹചര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാകുമ്പോൾ കയറ്റുമതിക്കാർക്ക് ആത്മവിശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
















