സംസ്ഥാനത്ത് സ്വർണ്ണവില ഇപ്പോൾ റോക്കറ്റ് പോലെയാണ് ഉയരുന്നത്.ഗ്രാമിന് ഇന്ന് (സെപ്‌റ്റംബര്‍ 06) 80 രൂപയും പവന് 640 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 9945 രൂപയും പവന് 79,560 രൂപയുമായി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വിലയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്. ഒരു ഗ്രാമിന്‍റെ വില 10,000 തൊടാന്‍ വെറും 55 രൂപയുടെ കുറവ് മാത്രമെയുള്ളൂ.
വിലക്കയറ്റത്തില്‍ ആശങ്ക: ഓണക്കാലത്തെ വില വര്‍ധനവ് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇക്കാലയളവില്‍ മികച്ച വില്‍പ്പന പ്രതീക്ഷിച്ച വ്യാപാരികള്‍ക്ക് കച്ചവടക്കുറവ് വലിയ വെല്ലുവിളിയാകുന്നുണ്ട്. അത്യാവശ്യക്കാര്‍ മാത്രമാണിപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളില്‍ എത്തുന്നത്. വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങാനായി കാത്തിരിക്കുന്നവരും നിരവധിയാണ്.
സെപ്‌റ്റംബറില്‍ വെറും ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 1920 രപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിട്ടുള്ളത്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും മറ്റ് ചേര്‍ത്ത് 86,000 രൂപയ്‌ക്ക് അടുത്ത് നല്‍കണം. പണിക്കൂലി ഏറ്റവും കുറവുള്ള ആഭരണത്തിന്‍റെ വിലയാണിത്. എന്നാല്‍ കൂടുതല്‍ പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
















