ഓണം കഴിഞ്ഞ് മാവേലി പോകും മുമ്പേ രാഷ്ട്രീയ വിവാദവും കത്തികയറാൻ തുടങ്ങി. കൊല്ലം ശാസ്‌താംകോട്ട മുതുപിലക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ ഇട്ട അത്തപ്പൂക്കളമാണ് കേരളത്തിൽ പുതിയ വിവാദമുഖം തുറന്നത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്ന് രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും കലാപം ഉണ്ടാക്കാനാണ് പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്ന് ഉൾപ്പെടുത്തിയതെന്ന് എഫ്ഐആർ തയ്യാറക്കുകയും ചെയ്തു..എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. രാജ്യദ്രോഹപരവും ലജ്ജാകരവുമായ എഫ്ഐആർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂർ അഭിമാനമാണെന്നും സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകമാണെന്നുമാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിച്ചത്.
സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിൻ്റെ എഫ്ഐആർ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“ഇത് കേരളമാണ്. ഇന്ത്യയുടെ ഭാഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ “ഓപ്പറേഷൻ സിന്ദൂർ“ എന്ന പേരിലൊരു പൂക്കളം ഒരുക്കിയതിന് എഫ്ഐആർ എടുക്കപ്പെട്ടിരിക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാനാകില്ല! ഓപ്പറേഷൻ സിന്ദൂർ നമ്മുടെ അഭിമാനമാണ്. നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകം. തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് നമ്മൾ പകരം വീട്ടിയ ധീര സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ. തീവ്രവാദത്തിൻ്റെ ഇരകളായ 26 പേരെയും അവരുടെ കുടുംബങ്ങളെയും സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിൻ്റെ എഫ്ഐആറെന്നും” രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.
അതിർത്തി കാക്കുകയും മൂവർണക്കൊടിക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്‌ത ആയിരക്കണക്കിന് മലയാളി സൈനികരുണ്ടെന്നും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഓരോ മലയാളിയും ഈ എഫ്ഐആറിനെയും നാണംകെട്ട പ്രീണനത്തെയും എതിർക്കുമെന്നതിൽ സംശയം വേണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
“ജമാഅത്തെ ഇസ്‌ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നത്. ഒരിക്കലും അങ്ങനെയാവുകയുമില്ല. ഇത് ഭാരതമാണെന്ന് കേരള പൊലീസ് മറക്കാതിരുന്നാൽ നന്ന്. അവരോടും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയൻ ജിയോടും എനിക്ക് പറയാനുള്ളത് ഇത്ര മാത്രം, രാജ്യദ്രോഹപരവും ലജ്ജാകരവുമായ ഈ എഫ്ഐആർ ഉടൻ തന്നെ പിൻവലിച്ചേ തീരൂ” രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം ഓപ്പറേഷൻ സിന്ദൂർ എന്ന വാക്ക് ഇല്ലാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പൂക്കളത്തിൽ കാവി കൊടിവച്ചത് കലാപം സൃഷ്‌ടിക്കാനാണെന്നും എഫ്ഐആറിൽ പറയുന്നു. പൂക്കളത്തിന് 50 മീറ്റർ അകലെ വച്ചിരിക്കുന്ന ഛത്രപതി ശിവജിയുടെ ഫ്ലക്‌സ് വിവരങ്ങളും എഫ്ഐആറിലുണ്ട്. ക്ഷേത്ര പരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്‌സ് ബോര്‍ഡുകളും കെട്ടുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. ഇതിന് വിപരീതമായി ക്ഷേത്ര കമ്മറ്റിയുടെ അനുമതിയില്ലാതെ പ്രധാന വഴിയില്‍ അത്തപ്പൂക്കളം ഇട്ടെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.. ശാസ്‌താംകോട്ട സ്വദേശിയും മുൻ സൈനികനുമായ ശരതിനെ ഒന്നാം പ്രതിയും നിലവിൽ സൈനികനായ അശോകനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
















