ഇന്ത്യയിലെ സ്ത്രീകളിൽ അർബുദ കാൻസർ സാധ്യത കൂടുതലെന്ന് പഠനം. കാൻസർ ബാധിച്ചുള്ള മരണം കൂടുതൽ പുരുഷന്മാരിലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. 2015നും 2019നും ഇടയിലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള കാൻസർ രജിസ്ട്രികളിൽ (പിബിസിആർ) റിപ്പോർട്ട് ചെയ്ത 708,223 കാൻസർ കേസുകളെയും 206,457 മരണനിരക്കിനെയും അടിസ്ഥാനമാക്കിയാണ് ജെഎഎംഎ നെറ്റ്‌വർക്ക് ഓപ്പൺ ജേണൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുരുഷന്മാരിൽ സാധാരണമായ അർബുദങ്ങൾ, വായിലെ അർബുദം (113,249), ശ്വാസകോശ അർബുദം (74,763), പ്രോസ്റ്റേറ്റ് കാൻസർ (49,998) എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകളിൽ സാധാരണമായ അർബുദങ്ങൾ സ്തനാർബുദം (238,085), സെർവിക്സ് കാൻസർ (78,499), അണ്ഡാശയാർബുദം (48,984) എന്നിവയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ കാൻസർ കുറയ്ക്കുന്നതിനും കാൻസർ പ്രതിരോധത്തിനും നിയന്ത്രണ നടപടികൾക്കുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഗ്രാമപ്രദേശങ്ങളിൽ കാർസർ അതിവേഗം വർദ്ധിക്കുന്നതായി കണ്ടെത്തി.
50 ശതമാനത്തിലധികം ഗ്രാമീണ ജനസംഖ്യയുള്ള കേരളത്തിലെയും അസമിലെയും നിരവധി ജില്ലകളിലാണ് സ്ത്രീകളിലും പുരുഷന്മാരിലും കൂടുതൽ കാൻസർ റിപ്പോർട്ട് ചെയ്യുന്നതായി കണ്ടെത്തിയത്. കൂടാതെ, വടക്കുകിഴക്കൻ ഇന്ത്യയിലെ ഐസ്വാൾ, ഈസ്റ്റ് ഖാസി ഹിൽസ്, പാപുംപാരെ, കാംരൂപ് അർബൻ, മിസോറാം തുടങ്ങിയ പ്രദേശങ്ങളിലും കൂടുതൽ കാൻസർ നിരക്കുകൾ രേഖപ്പെടുത്തി. രാജ്യത്തിൻറെ വടക്കുകിഴക്കൻ മേഖലയിലാണ് അന്നനാള അർബുദം കൂടുതലായി രേഖപ്പെടുത്തുന്നത്. മെട്രോ നഗരങ്ങളിൽ, ഡൽഹിയിലാണ് അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിൽ പുരുഷന്മാരിൽ 4.7 ശതമാനവും സ്ത്രീകളിൽ 6.9 ശതമാനവും കാൻസർ കേസുകളിൽ വർദ്ധനവുണ്ടായി.
















