അക്യുപങ്‌ചർ, മ്യൂസിക് തെറാപ്പി തുടങ്ങിവയിലൂടെ ഓട്ടിസം ഭേദമാക്കാം എന്നതിന് ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പഠനം. പാരീസ് നാൻ്റെറെ സർവകലാശാല, ഫ്രാൻസിലെ പാരീസ് സിറ്റി സർവകലാശാല, യുകെയിലെ സതാംപ്‌ടൺ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
വളരെ അപൂർവമായി മാത്രമേ ഇത്തരം തെറാപ്പികള്‍ ഫലപ്രദമാകുന്നുള്ളൂവെന്നും പഠനത്തിൽ പറുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെയും മുതിർന്നവരെയും ചികിത്സിക്കുന്നതിനായി ഇത്തരത്തിൽ അക്യുപങ്‌ചർ, മ്യൂസിക് തെറാപ്പികള്‍ പ്രയോഗിക്കാറുണ്ട്. ഇഗ്ലീഷ് മരുന്നുകളുടെ പാർശ്വഫലങ്ങളെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും ബദൽ ചികിത്സ തിരഞ്ഞെടുക്കുന്നത്.
ഈ ചികിത്സകൾ പരീക്ഷിക്കണമെന്ന് കരുതുന്നവർ ഇത്തരം പഠനങ്ങളുടെ വിവരങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്ന് പാരീസിലെ റോബർട്ട് ഡെബ്രെ ആശുപത്രിയിലെ ചൈൽഡ് ആൻഡ് അഡോളസെൻ്റ് സൈക്യാട്രി യൂണിറ്റ് ഹെഡ് പ്രൊഫസർ റിച്ചാർഡ് ഡെലോം പറയുന്നു. 10,000-ത്തിലധികം പേർ ഉൾപ്പെട്ട പഠനത്തിലാണ് നിർണായ കണ്ടെത്തൽ. 200 ക്ലിനിക്കൽ പരീക്ഷണങ്ങൾ, 248 അവലോകനങ്ങള്‍ എന്നിവയിലൂടെയാണ് സംഘം അക്യുപങ്‌ചർ, മ്യൂസിക് തെറാപ്പി എന്നിവയുടെ ശാസ്‌ത്രീയ വിശകലനം നടത്തിയത്.
വളർത്ത് മൃഗങ്ങളുടെ ഇടപെടൽ അക്യുപങ്‌ചർ, ഹെർബൽ മെഡിസിൻ, മ്യൂസിക് തെറാപ്പി, പ്രോബയോട്ടിക്‌സ്, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെ 19 തരം ചികിത്സാ രീതികള്‍ പഠനത്തിന് വിധേയമാക്കിയിരുന്നു. ഇതിനായി 10,000-ത്തിലധികം പേരെയും പഠനത്തിൽ ഉള്‍പ്പെടുത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സംഘം ഇവരെ നിരീക്ഷിച്ചത്. ഓട്ടിസം ബാധിച്ച ആളുകൾക്ക് ആശയവിനിമയം നടത്താനും അവർ എങ്ങനെ ചിന്തിക്കുന്നു എന്നത് മനസിലാക്കാനും ശ്രമിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനെല്ലാമൊടുവിലാണ് ഗവേഷകർ നിർണായക നിഗമനത്തിലെത്തിയത്.
കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം. ജനനസമയത്തെ ആദ്യനാളുകളില്‍ ഓട്ടിസം കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. ഓട്ടിസം ഒരു കുഞ്ഞിന് ഉണ്ട് എന്ന് മനസിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്.
ഓട്ടിസം കുട്ടികള്‍ ദൈനംദിന ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അവരെ മറ്റു കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്‌തരാക്കുന്നു. ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവരുടെ കഴിവുകള്‍ വളത്തിയെടുക്കുവാന്‍ അവരുടെ മാതാപിതാക്കള്‍ക്ക് ഓട്ടിസം എന്ന അവസ്ഥയെക്കുച്ച് പൂര്‍ണ ബോധവത്കരണം നല്‍കേണ്ടതുണ്ട്.
സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഓര്‍ഗാനിക്ക് ന്യൂറോഡെവലപ്മെൻ്റല്‍ ഡിസോഡറാണ് ഓട്ടിസം. ആശയവിനിമയത്തിലും പരസ്‌പര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ നേരിടുന്ന പ്രയാസമാണ് ഓട്ടിസം എന്നും പറയാം. ഓട്ടിസത്തിൻ്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യതസ്‌തമായിരിക്കും.
















