വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയില്‍ സീറ്റ് ധാരണ. പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവിന്റെ വസതിയില്‍ ശനിയാഴ്ച നടന്ന യോഗത്തിലാണ് സഹകരണത്തില്‍ ധാരണയായത്. പശുപതി കുമാര്‍ പരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി)യും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം) ബിഹാറില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കും. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) എന്നിവയ്ക്ക് നീക്കിവച്ചിരിക്കുന്ന സീറ്റുകളില്‍ നിന്നായിരിക്കും ആര്‍എല്‍ജെപി, ജെഎംഎം തുടങ്ങിയ പാര്‍ട്ടികള്‍ക്ക് സീറ്റുകള്‍ അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സീറ്റ് വിഭജനം സംബന്ധിച്ച യോഗം സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്ന് ബിഹാര്‍ കോണ്‍ഗ്രസ് മേധാവി രാജേഷ് റാം പറഞ്ഞു. സീറ്റ് വിഭജനത്തില്‍ സഖ്യകക്ഷികള്‍ തമ്മില്‍ വിശാലമായ ഒരു ധാരണയിലെത്തിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും അവരുടെ സ്വാധീനമുള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും എന്നും അദ്ദേഹം അറിയിച്ചു. സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ രാജേഷ് റാം രണ്ടോ മൂന്നോ പുതിയ പാര്‍ട്ടികള്‍ ഇന്ത്യാ ബ്ലോക്കില്‍ ചേരുമെന്നും അറിയിച്ചു. സഖ്യത്തിലെ എല്ലാ പ്രധാന പങ്കാളികളും സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. 2020 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളുടെ എണ്ണം ഇത്തവണ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2020 ല്‍ 144 സീറ്റുകളില്‍ ആയിരുന്നു ആര്‍ജെഡി മത്സരിച്ചത്. കോണ്‍ഗ്രസ് 70 സീറ്റുകളിലും സിപിഐ (എംഎല്‍) ലിബറേഷന്‍ 19 സീറ്റുകളിലും സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിച്ചിരുന്നു. ഇത്തവണ ആര്‍ജെഡി 122-124 സീറ്റുകളിലും കോണ്‍ഗ്രസ് 58-62 സീറ്റുകളിലും ഇടതു പാര്‍ട്ടികള്‍ 31-33 സീറ്റുകളിലും വിഐപി 20-22, ആര്‍എല്‍ജെപി 5-7, ജെഎംഎം 2-3 സീറ്റുകളിലും മത്സരിച്ചേക്കാമെന്ന് പറയപ്പെടുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍, എന്‍ഡിഎയുടെ ഭാഗമായിരുന്നു ആര്‍എല്‍ജെപി, വിഐപി പാര്‍ട്ടികള്‍. മൂന്ന് സീറ്റുകളിലായിരുന്നു ആര്‍എല്‍ജെപി വിജയിച്ചത്. എന്‍ഡിഎ മുന്നണിയില്‍ 11 സീറ്റുകളില്‍ മത്സരിക്കുകയും നാല് സീറ്റുകള്‍ നേടുകയും ചെയ്ത വിഐപി പാര്‍ട്ടിയും പിന്നീട് മുന്നണി വിടുകയായിരുന്നു. വിഐപി എംഎല്‍എമാരില്‍ ഭൂരിഭാഗവും ബിജെപിയില്‍ ചേർന്നതോടെയാണ് ബന്ധത്തില്‍ വിള്ളലുണ്ടായത്.
STORY HIGHLIGHT : india-bloc-reached-understanding-on-seat-sharing-for-bihar-poll
















