ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം. ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ശിവഗിരി മഠത്തിലും ചെന്തഴന്തി ഗുരുകുലത്തിലും ദർശനം നടത്തും. ശിവഗിരിയില്‍ കേരളാ ഗവര്‍ണറും ചെന്പഴന്തിയില്‍ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളാകും.
ജാതിമതചിന്തകള്‍ക്കതീതമായ ഒരു സമൂഹത്തെ സൃഷ്‌ടിക്കുകയെന്നതായിരുന്നു ഗുരുവിന്‍റെ ജീവിതലക്ഷ്യം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ തുടങ്ങിയ തത്വങ്ങളിലൂടെ കേരളത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട മനുഷ്യരുടെ മനസിലേക്ക് വിശ്വമാനവികത എന്ന വലിയ ആശയത്തിന്‍റെ പുനപ്രതിഷ്‌ഠ ആണ് ഗുരു നടത്തിയത്.
എല്ലാത്തരം അടിച്ചമർത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തിൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കിൽ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ ഗുരു ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിധിയാണെന്ന് കരുതി മാനസികാടിമത്വത്തിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് ഗുരുവിന്റെ ആദർശങ്ങൾ പുത്തനുണർവ് നൽകി.
















