നൈറ്റ് പാർട്ടിക്കിടെയുണ്ടായ വാക്കേറ്റത്തിനു പിന്നാലെ 27കാരനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു. ഡൽഹി മംഗോൾപുരിയിലാണ് സംഭവം. ഹബീബ് റഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ സഹോദരനെ ഏതാനും പേർ ചേർന്നു മർദിച്ച് അബോധാവസ്ഥയിലാക്കിയെന്നു ഹബീബ് റഹ്മാന്റെ സഹോദരൻ ബുരാരി പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ഹബീബ് റഹ്മാൻ മരിച്ചു. വെള്ളിയാഴ്ച രാത്രി റിങ്ക ദേധ എന്നയാൾ ബന്ധുവായ ഹർഷ ദേധക്കൊപ്പം ഹബീബ് റഹ്മാനെ പുറത്തേക്കു വിളിച്ചുകൊണ്ടുപോയതായി പൊലീസിന് അന്വേഷണത്തിൽ വിവരം ലഭിച്ചു.
ഇവർ സുഹൃത്തുക്കളോടൊപ്പം മംഗോൾപുരിയിലെ ഹോട്ടലിലെത്തി മദ്യപിച്ചു. ഇതിനിടെ ഇവർ വഴക്കിടുകയും ഹബീബ് റഹ്മാനെ ഗാസിപൂരിലെ ഡയറി ഫാമിലെത്തിച്ചു മർദിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഹബീബ് റഹ്മാനെ യമുനയിൽ എറിയാനാണ് പ്രതികൾ ആദ്യം പദ്ധതിയിട്ടതെന്നും പിന്നീട് സഹോദരനെ ഏൽപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കേസ് തുടരന്വേഷണത്തിനായി സൗത്ത് രോഹിണി പൊലീസിനു കൈമാറി.
















