മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ അച്ഛൻ വെട്ടിക്കൊന്നു. കാര്യവട്ടം ഉള്ളൂർക്കോണത്ത് ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ (58) പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മദ്യപാനികളായ അച്ഛനും മകനും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതിനെത്തുടർന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യയും ഉല്ലാസിന്റെ ഭാര്യയും മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇന്നലെ രാത്രിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകത്തിന് ശേഷം ഉണ്ണികൃഷ്ണൻ നായർ ഭാര്യയെ മകൻ രക്തത്തിൽ കുളിച്ചുകിടക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
















