മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. മമ്മൂട്ടിയുടെ എല്ലാ പിറന്നാളിനും മലയാളികള്‍ ഏറെ കാത്തിരിക്കുന്ന ആശംസയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മമ്മൂട്ടിയുടെ കൂടെ ഒരു സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ‘Happy Birthday Dear Ichakka’ എന്നൊരു ചെറിയ കുറിപ്പ് മാത്രം പങ്കുവെച്ചായിരുന്നു മോഹന്‍ലാലിന്റെ പിറന്നാളാശംസകള്‍.
മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ നല്‍കിയ ഒരു സ്‌പെഷ്യല്‍ സമ്മാനത്തെകുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മറ്റൊരു ചര്‍ച്ച. ബിഗ് ബോസ് ഷോയില്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ അടങ്ങിയ ഷര്‍ട്ട് ധരിച്ചാണ് മോഹന്‍ലാല്‍ ഇന്ന് പരിപാടി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സിനിമയ്ക്ക് പുറത്തും നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒരുമിച്ചൊരു ഫോട്ടോ എടുത്താല്‍ വരെ മലയാളിക്ക് ഭയങ്കര സന്തോഷമാണ്.
അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് മറ്റ് പല പുതിയ സിനിമകളുടെ അപ്‌ഡേറ്റുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
















