ഇക്കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ജിഎസ്ടി പരിഷ്‌കരണ നീക്കം സാധാരണക്കാര്‍ ഏറ്റെടുത്തു. 12%, 28% ണനികുതി സ്ലാബുകള്‍ ഒഴിവാക്കി 5%, 18% നികുതികളളിലേയ്ക്കുള്ള ജിഎസ്ടി പൊളിച്ചെഴുത്ത് സാധാരണക്കാര്‍ക്ക് വന്‍ നേട്ടമാകുമെന്നതിൽ സംശയമില്ല. പക്ഷെ വരുമാന നഷ്ടം കുറയ്ക്കാനായി ആഡംബര വസ്തുക്കള്‍ക്കായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന 40% നികുതി കേരളത്തിന് തലവേദനയാകുകയാണ്. ഇതോടെ 28% നികുതി ബ്രാക്കറ്റില്‍ വന്നിരുന്ന ലോട്ടറിക്ക് 40% നികുതി ബാധകമാകും. ടിക്കറ്റ് വില വർധിപ്പിക്കുകയോ കമീഷൻ കുറയ്‌ക്കാതെയോ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന അവസ്ഥയാണ്. ജിഎസ്ടി 2017ൽ ആരംഭിച്ചപ്പോൾ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020ൽ 28 ശതമാനമാക്കി.ഇന്ത്യയില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നിയമവിധേയമായി പേപ്പര്‍ ലോട്ടറി പുറത്തിറക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. പശ്ചിമബംഗാളില്‍ ലോട്ടറി നിയമവിധേയമാണെങ്കിലും അത് നടത്തുന്നത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ വ്യക്തികളാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ലോട്ടറികള്‍ നിയമവിധേയമല്ല. അതിനാല്‍ ലോട്ടറിയിന്‍മേലുള്ള കേരളത്തിന്റെ വാദത്തിന് ജിഎസ്ടി കൗണ്‍സിലില്‍ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. പുതിയ നികുതി കേരള ലോട്ടറിയുടെ ഭാവിയെ തന്നെ തുലാസിലാക്കുന്നു.
കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറികളില്‍ ഏറ്റവും ജനപ്രിയമാണ് ഓണം ബമ്പര്‍. ഇത്തവണ ഓണം ബമ്പര്‍ ടിക്കറ്റുകളുടെ വില്‍പ്പന തകൃതിയായി നടക്കുകയാണ്. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള 500 രൂപ വില വരുന്ന BR-105 ഓണം ബമ്പര്‍ ലോട്ടറിയുടെ നടുക്കെടുപ്പ് നിശ്ചിയിച്ചിരിക്കുന്നത് 2025 സെപ്റ്റംബര്‍ 27 ന് ആണ്. അതേസമയം സെപ്റ്റംബര്‍ 22 മുതല്‍ പുതിയ ജിഎസ്ടി പരിഷ്‌കരണം രാജ്യത്ത് നിലവില്‍ വരും. ഇതിനകം വില്‍പ്പന ആരംഭിച്ച ലോട്ടറിയുടെ വില ഇനി വര്‍ധിപ്പിക്കുക സാധ്യമല്ല. നറുക്കെടുപ്പ് സെപ്റ്റംബര്‍ 27 ന് ആയതിനാല്‍ 40% നികുതിയും ബാധകമാകും. കമ്മീഷന്‍ അടക്കം മറ്റു കിഴിവുകള്‍ കൂടി കഴിയുമ്പോള്‍ വിജയിക്ക് കൈയ്യില്‍ കിട്ടുക ഏകദേശം പകുതി തുക മാത്രമാകും. ഓണം ബമ്പര്‍ മാത്രമല്ല മറ്റു കേരള ലോട്ടറികളും ജിഎസ്ടി പരിഷ്‌കരണത്തിന്റെ ചൂടിലാണ്. അടുത്തിടെയാണ് കേരള ലോട്ടറിയുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. അതിനാല്‍ തന്നെ ഇനിയും നിരക്ക് വര്‍ധിപ്പിക്കല്‍ സാധ്യമാകുമോ എന്നറിയേണ്ടതുണ്ട്. നിരക്ക് കൂട്ടാതെ ക്യാഷ് പ്രൈസ് വര്‍ധിപ്പിക്കുകയും സാധ്യമല്ല. നികുതിയും, കമ്മിഷനും, മറ്റു ചെലവുകളും പരിഗണിക്കുമ്പോള്‍ നിലവില്‍ പല ഉപയോക്താക്കള്‍ക്കും കേരള ലോട്ടറി ആകര്‍ഷകമല്ലാതായി തോന്നാം. പ്രസ്തുത വിഷയം തന്ത്രമപരമായി കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
















