കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാൽ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈൽ റാണ (20) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 90 കിലോ കഞ്ചാവ് പിടികൂടി.
പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അടുത്ത കാലത്തായി ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ഒഡീഷയിൽ നിന്ന് കിലോക്ക് 2000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്.ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ അമ്പുനാട് ബാവപ്പടിയിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി കാറിൽ പെരുമ്പാവൂർ ഭാഗത്തേക്ക് വരുമ്പോൾ പുക്കാട്ട് പടിയിൽ വച്ച് പോലീസ് വാഹനത്തിന് കൈ കാണിച്ചെങ്കിലും ഇവർ നിർത്താതെ പോവുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്ന സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്.
കേരള അതിർത്തിയിൽ കടന്നതിനു ശേഷം പോലീസ് പിടികൂടാതിരിക്കുന്നതിനായി ഊടുവഴികളിലൂടെയായിരുന്നു ഇവർ കൂടുതലും സഞ്ചരിച്ചിരുന്നത്. വിൽപ്പന കഴിഞ്ഞതിനുശേഷം നാട്ടിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരുമെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ, ഡി വൈ എസ് പി ടി.എം വർഗ്ഗീസ്, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എ എസ് ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ സി.എസ് മനോജ് , വർഗീസ് ടി വേണാട്ട് , ടി.എ അഫ്സൽ , ബെന്നി ഐസക് , കെ. വിനോദ് കെ.എസ് അനൂപ് , സി.ബി ബനാസിർ, പി.എ ഫസൽ, പി.ആർ നിഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
















