വിയറ്റ്നാം ഇലക്ട്രിക് കാർ നിർമ്മാതാക്കളായ വിൻഫാസ്റ്റ് അടുത്തിടെയാണ് ഗുജറാത്തിലെ സൂറത്തിൽ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നത്. ഇപ്പോഴിതാ വിൻഫാസ്റ്റിന്‍റെ രണ്ട് ഇലക്‌ട്രിക് എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. VF7, VF6 എന്നീ ഇലക്‌ട്രിക് എസ്‌യുവികളാണ് കമ്പനി പുറത്തിറക്കിയത്.
2025 ജനുവരിയിൽ ഡൽഹിയിൽ സംഘടിപ്പിച്ച ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് വിൻഫാസ്റ്റിന്‍റെ ഇന്ത്യൻ ഡിവിഷനായ വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യ രണ്ട് എസ്‌യുവികൾ പ്രദർശിപ്പിച്ചത്. VF6ന്‍റെ പ്രാരംഭവില (എക്‌സ്-ഷോറൂം) 16.49 ലക്ഷം രൂപയും, VF7ന്‍റെ വില 20.89 ലക്ഷം രൂപയുമാണ്.
ക്രെറ്റയ്ക്ക് സമാനമായ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയാണ് VF6. അതേസമയം VF7ന് കുറച്ച് കൂടെ വലിപ്പമുണ്ട്. VF6, VF7 മോഡലുകൾ വാങ്ങുന്നവർക്ക് 2028 ജൂലൈ വരെ സൗജന്യ വാഹന ചാർജിങും മൂന്ന് വർഷം വരെ സൗജന്യ കോംപ്ലിമെന്‍ററി മെയിന്‍റനൻസും ലഭിക്കും. രണ്ട് മോഡലുകളെ കുറിച്ചും പരിചയപ്പെടാം.
സ്പ്ലിറ്റ് ഹെഡ്‌ലൈറ്റും ടെയിൽലൈറ്റ് സജ്ജീകരണങ്ങളും, മുകളിലേക്ക് ചരിഞ്ഞ ബെൽറ്റ്‌ലൈനും, കുറച്ച് മാത്രം ചരിഞ്ഞ റൂഫും ഉള്ള ലളിതമായ ഡിസൈനിലുള്ള ഒരു കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയാണ് VF6. ഹെഡ്‌ലാമ്പുകൾ ബമ്പറിലേക്ക് താഴെയായി സംയോജിപ്പിച്ചിരിക്കുന്നു. മുൻ ബമ്പറിൽ കറുത്ത ക്ലാഡിങും വിശാലമായ സെൻട്രൽ എയർ ഇൻടേക്കും ഉണ്ട്.
പ്രൊഫൈലിലേക്ക് പോകുമ്പോൾ, VF6ൽ ഒരു പ്രധാന റിയർ ഷോൾഡറും സി-പില്ലറിന് സമീപമുള്ള വിൻഡോ ലൈനിൽ മുകളിലേക്ക് വളവും കാണാം. പിൻവശത്ത് മൾട്ടി-ലെയേർഡ് ടെയിൽഗേറ്റ് ഡിസൈനാണ് നൽകിയിരിക്കുന്നത്. വിൻഫാസ്റ്റിന്‍റെ സിഗ്നേച്ചർ സ്പ്ലിറ്റ് ലൈറ്റ് ബാറിനൊപ്പമാണ് ഇത് വരുന്നത്. ബമ്പറിൽ താഴെയായി സെക്കൻഡറി ലൈറ്റിങ് ഘടകങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
ഇന്‍റീരിയറിലേക്ക് പോകുമ്പോൾ, VF6ന്‍റെ മൊത്തത്തിലുള്ള ലേയൗട്ട് VF7ന് സമാനമാണ്. ഡ്രൈവറിന്‍റെ ഇരിപ്പിടത്തിലേക്ക് ചെറുതായി ചരിഞ്ഞിരിക്കുന്ന 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീനിന് ചുറ്റും കേന്ദ്രീകരിച്ചിരിക്കുന്ന ഒരു മിനിമലിസ്റ്റ് ഡാഷ്‌ബോർഡും ഇതിലുണ്ട്. സാധാരണയുള്ള ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിന് പകരം ഡ്രൈവിങുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഹെഡ്-അപ്പ് ഡിസ്‌പ്ലേയിലായിരിക്കും പ്രദർശിപ്പിക്കുക.
സുരക്ഷാ ഫീച്ചറുകളിലേക്ക് പോകുമ്പോൾ ഇതിൽ ലെവൽ 2 ADAS സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നതായി കാണാം. ഉയർന്ന വേരിയന്‍റുകളിൽ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ലെതറിൽ ഫിനിഷ് ചെയ്‌ത ഡ്യുവൽ-ടോൺ ഇന്‍റീരിയർ തുടങ്ങിയ സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു. ടോപ്പ്-സ്പെക്ക് പതിപ്പിൽ പനോരമിക് ഗ്ലാസ് റൂഫും ഉണ്ട്.
എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ VF6 മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമാവും. എർത്ത് വേരിയന്‍റിന് 16.49 ലക്ഷം രൂപയും, വിൻഡ് വേരിയന്‍റിന് 17.79 ലക്ഷം രൂപയും, ടോപ്പ്-സ്പെക്ക് വിൻഡ് ഇൻഫിനിറ്റി വേരിയന്‍റിന് 18.29 ലക്ഷം രൂപയുമാണ് വില. മൂന്ന് ട്രിം ലെവലുകളും 59.6 kWh ബാറ്ററി പായ്ക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ബേസിക് എർത്ത് വേരിയന്‍റിൽ 174 bhp പവറും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. വിൻഡ്, വിൻഡ് ഇൻഫിനിറ്റി വേരിയന്‍റുകൾ 201 bhp പവറും 310 Nm ടോർക്കും നൽകുന്നു. എർത്ത് വേരിയന്‍റിന് 468 കിലോമീറ്ററും, മറ്റ് രണ്ട് മോഡലുകൾക്ക് ഒറ്റ ചാർജിൽ 463 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും.
ഏകദേശം 4.5 മീറ്റർ നീളമുള്ള ഇലക്‌ട്രിക് എസ്‌യുവി ആണ് വിൻഫാസ്റ്റ് VF7. VF6ന് സമാനമായ എക്‌സ്റ്റീരിയർ ഡിസൈനാണ് ഇതിലുള്ളത്. ആംഗിൾ റിയർ വിൻഡ്‌ഷീൽഡുള്ള സ്ട്രീംലൈൻഡ് പ്രൊഫൈൽ ഇതിലുണ്ട്. മുൻവശത്ത്, LED ഡേടൈം റണ്ണിങ് ലൈറ്റുകൾ ബോണറ്റ് ലൈനിന് തൊട്ടുതാഴെയായി സ്ഥാപിച്ചിട്ടുണ്ട്. അതേസമയം പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ബമ്പറിൽ താഴെയായി ഇരിക്കുന്നു.
ഇന്‍റീരിയറിലേക്ക് പോകുമ്പോൾ, ഭൂരിഭാഗവും VF6ന് സമാനമാണെന്ന് കാണാം. ഡ്രൈവർ-ഫോക്കസ്‌ഡ് ലേഔട്ടും, സെന്‍റർ കൺസോളിൽ ഡ്രൈവറിലേക്ക് ചരിഞ്ഞ് കിടക്കുന്ന ഫ്രീ-സ്റ്റാൻഡിങ് ടച്ച്‌സ്‌ക്രീനും നൽകിയിരിക്കുന്നത് കാണാം. VF6ന് സമാനമായി, ഡാഷ്‌ബോർഡിൽ ഡാഷ്‌ബോർഡിൽ പരമ്പരാഗത ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ ഇല്ല. കാലാവസ്ഥാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള മിക്ക നിയന്ത്രണങ്ങളും സെൻട്രൽ ടച്ച്‌സ്‌ക്രീനിലൂടെയാണ് കൈകാര്യം ചെയ്യുക. ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇതിൽ സ്റ്റാൻഡേർഡായി വരുന്നു.
എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി, സ്കൈ, ടോപ്പ്-സ്പെക്ക് സ്കൈ ഇൻഫിനിറ്റി എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിലാണ് VF7 ലഭ്യമാവുക. എർത്ത് വേരിയന്‍റിന് 20.89 ലക്ഷം രൂപയും, വിൻഡ് വേരിയന്‍റിന് 23.49 ലക്ഷം രൂപയും, വിൻഡ് ഇൻഫിനിറ്റി വേരിയന്‍റിന് 23.99 ലക്ഷം രൂപയും, സ്കൈ വേരിയന്‍റിന് 24.99 ലക്ഷം രൂപയും, ടോപ്പ്-സ്പെക്ക് സ്കൈ ഇൻഫിനിറ്റി വേരിയന്‍റിന് 25.49 ലക്ഷം രൂപയുമാണ് വില. ബേസിക് മോഡലായ എർത്ത് വേരിയന്‍റിൽ 59.6 kWh ബാറ്ററി പായ്ക്കും മറ്റ് ട്രിം ലെവലുകളിൽ FWD, AWD ഓപ്ഷനുകളുള്ള 70.8 kWh ബാറ്ററി പായ്ക്കുമാണ് നൽകിയിരിക്കുന്നത്.
201 bhp കരുത്തും 310 Nm ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് സിംഗിൾ-മോട്ടോർ FWD ട്രിമ്മുകൾ. അതേസമയം സ്കൈ വേരിയന്‍റിലുള്ള ഡ്യുവൽ-മോട്ടോർ സജ്ജീകരണം 348 bhp പവറും 500 Nm ടോർക്കും നൽകുന്നു. എർത്ത് വേരിയന്‍റിന് 438 കിലോമീറ്ററും, വിൻഡ് വേരിയന്‍റിന് 532 കിലോമീറ്ററും, സ്കൈ ട്രിം ലെവലുകൾക്ക് 510 കിലോമീറ്ററുമാണ് റേഞ്ച്. z
എതിരാളികൾ: ടാറ്റ കർവ്വ് ഇവി, എംജി ZS ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് തുടങ്ങിയ മോഡലുകളുമായി വിഎഫ് 6 ഇന്ത്യൻ വിപണിയിൽ മത്സരിക്കും. അതേസമയം വിഎഫ് 7 മഹീന്ദ്ര എക്‌സ്‌ഇവി 9ഇ, ടാറ്റ ഹാരിയർ ഇവി തുടങ്ങിയ വലിയ ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് എസ്‌യുവികളുമായി മത്സരിക്കും.
















