വീടുകളെ മലിനമാക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന ചില വസ്തുക്കള്‍ നമ്മുടെ വീടുകളില്‍ത്തന്നെയുണ്ട്.നിരുപദ്രവകാരിയെന്ന് കരുതുന്ന പലതിലും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന രാസവസ്‌തുക്കൾ ഒളിഞ്ഞിരിക്കുന്നുണ്ട്. മധുരപലഹാരങ്ങൾ മുതൽ സോപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. രാസവസ്‌തുക്കൾ ചേർത്ത് നിർമ്മിക്കുന്ന ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കുടലിന്‍റെ ആരോഗ്യം മോശമാക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അത്തരത്തിൽ ആരോഗ്യത്തിന് ഹാനികരമായതും എത്രയും പെട്ടന്ന് വീട്ടിൽ നിന്ന് ഒഴിവാക്കേണ്ടതുമായ ചില നിത്യോപയോഗ സാധനങ്ങൾ ഏതൊക്കെയെന്ന് ചൂണ്ടികാട്ടുകയാണ് എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ നിന്ന് പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്, ഹെപ്പറ്റോളജിസ്റ്റ്, ഇന്‍റർവെൻഷണൽ എൻഡോസ്കോപ്പിസ്റ്റ് ഡോ സൗരഭ് സേഥി. ഇത് സംബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
കേടായ നോൺ സ്റ്റിക്ക് പാത്രങ്ങൾ
പോറലുകളുള്ളതോ പൊട്ടിയതോ ആയ നോൺ സ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം വളരെയധികം ദോഷം ചെയ്യും. കേടായ ടെഫ്ലോൺ അല്ലെങ്കിൽ പിടിഎഫ്ഇ പാൻ എന്നിവ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ രാസവസ്‌തുക്കൾ ഭക്ഷണത്തിൽ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് ഗുരുതരമായ പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം സെറാമിക്, സ്റ്റെയിൻലെസ് സ്റ്റീൽ, ഇരുമ്പ് എന്നിവ കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ തെരഞ്ഞെടുക്കാൻ ഡോ. സേഥി നിർദേശിക്കുന്നു.
കൃത്രിമ മധുരപലഹാരങ്ങൾ
കൃത്രിമ മധുരമായ അസ്‌പാർട്ടേം, സുക്രലോസ് എന്നിവ ചേർത്തുണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കുന്നത് കുടൽ ബാക്‌ടീരിയകളെ നശിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, വിശപ്പ് സിഗ്‌നലുകൾ എന്നിവയെയും ഇത് ബാധിക്കും. കൂടാതെ ഗ്ലുക്കോസ് ഇൻടോളറൻസ്, മൈക്രോബയോം ഷിഫ്റ്റ് എന്നിവയുമായും ഇവ ബദ്ധപ്പെട്ടിരിക്കുന്നു. അതിനാൽ കൃത്രിമ മധുരമടങ്ങിയ പലഹാരങ്ങൾക്ക് പകരം മധുരമുള്ള പഴങ്ങൾ കഴിക്കാം.
പ്ലാസ്റ്റിക് ബോട്ടിലുകൾ
പ്ലാസ്റ്റിക്കിൽ ബിസ്ഫെനോൾ എ എന്ന രാസവസ്‌തു അടങ്ങിയിട്ടുണ്ട്. ഭക്ഷണ സാധാരണങ്ങൾ സൂക്ഷിക്കാനായി പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഈ രാസവസ്‌തുക്കൾ അതിൽ കലരുകയും ശരീരത്തിലെത്തുകയും ചെയ്യും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതിനാൽ ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ എന്നിവയിൽ സൂക്ഷിക്കാതിരിക്കുക. പ്രത്യേകിച്ച് ചൂടുള്ളവ.
പായ്ക്ക് ചെയ്‌ത ഭക്ഷണങ്ങൾ
സംസ്‌കരിച്ച പായ്ക്ക് ചെയ്‌ത ഭക്ഷണങ്ങളിൽ സീഡ് ഓയിൽ, പ്രിസർവേറ്റീവുകൾ, ഗം, എമൽസിഫയറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ പതിവായുള്ള ഉപഭോഗം കുടലിന്‍റെ ആരോഗ്യത്തെയും മെറ്റബോളിസത്തെയും സാരമായി ബാധിക്കും. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് ശരീരത്തിന് നല്ലത്.
സുഗന്ധമുള്ള മെഴുകുതിരികൾ, എയർ ഫ്രഷ്‌നറുകൾ
സുഗന്ധം പരത്തുന്ന മെഴുകുതിരികളിലും എയർ ഫ്രഷ്‌നറുകളിലും ഫ്‌താലേറ്റ്‌കൾ, വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ഹോർമോൺ പ്രവർത്തനം തടസപ്പെടുത്താനും വീക്കം ഉണ്ടാകാനും കാരണമാകും. അതിനാൽ ഇവയ്ക്ക് പകരം ബീസ് വാക്‌സ് മെഴുകുതിരികൾ പോലുള്ളവ ഉപയോഗിക്കാം.
ആന്‍റി ബാക്‌ടീരിയൽ സോപ്പുകൾ
ചില ആന്‍റി ബാക്‌ടീരിയൽ സോപ്പുകളിൽ ട്രൈക്ലോസൻ എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നല്ലതും ചീത്തയുമായ ബാക്‌ടീരിയകളെ നശിപ്പിക്കും. ഇത് ചർമത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. അതിനാൽ സാധാരണ സോപ്പുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ഡോ. സേഥി പറയുന്നു.
ഡിറ്റർജന്‍റുകൾ
നല്ല സുഗന്ധമുള്ള ഡിറ്റർജെന്‍റുകളിൽ ഫ്‌താലേറ്റുകളും സിന്തറ്റിക് കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇവ വസ്ത്രങ്ങളിലും ചർമത്തിലും പറ്റിപിടിക്കുകയും ഹോർമോൺ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്യും. അതിനാൽ ഇത്തരം ഡിറ്റർജെന്‍റുകളുടെ ഉപയോഗം ഒഴിവാക്കാം.
















