കെസിഎൽ കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ 75 റൺസിന് തോൽപിച്ചാണ് കൊച്ചി, കെസിഎൽ രണ്ടാം സീസണിൽ ചാമ്പ്യന്മാരായത്.ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തകർപ്പൻ ഇന്നിങ്സിലൂടെ ടീമിന് വിജയമൊരുക്കിയ വിനൂപ് മനോഹരനാണ് പ്ലെയർ ഓഫ് ദി മാച്ച്. ടൂർണ്ണമെൻ്റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം.
അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിങ് തകർച്ച. ഒടുവിൽ അവസാന ഓവറുകളിൽ വീണ്ടും തകർത്തടിച്ച് മികച്ച സ്കോറിലേക്ക്. ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ഇന്നിങ്സിനെ അങ്ങനെ വിശേഷിപ്പിക്കാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയുടേത് ടൂർണമെൻ്റിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച തുടങ്ങളിലൊന്നായിരുന്നു. വിപുൽ ശക്തിയെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായെങ്കിലും വിനൂപ് മനോഹരൻ്റെ അതിമനോഹര ഇന്നിങ്സ് കൊച്ചിയ്ക്ക് തകർപ്പൻ തുടക്കം സമ്മാനിച്ചു. മൂന്നാം ഓവറിൽ മൂന്ന് ഫോറുകൾ നേടിയ വിനൂപ്, അടുത്ത ഓവറിൽ മൂന്ന് ഫോറും ഒരു സിക്സും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ കൊച്ചിയുടെ സ്കോർ അൻപതിലെത്തി. 20 പന്തുകളിൽ വിനൂപ് തൻ്റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. ഷറഫുദ്ദീൻ്റെ അടുത്ത ഓവറിലെ മൂന്ന് പന്തുകൾ വിനൂപ് തുടരെ വീണ്ടും അതിർത്തി കടത്തി.















