ശ്രീനാരായണഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവിനെ ഹിന്ദുമത നവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ശ്രമത്തിന്റെ ചരിത്ര വിരുദ്ധത തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്ന ശ്രീനാരായണ ഗുരുവിന്റെ 171ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന നവോത്ഥാനങ്ങള്‍ തട്ടിത്തെറിപ്പിക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്.
അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാല്‍ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചു കൂടാ. മത വര്‍ഗീയശക്തികള്‍ ഗുരുവിനെ തങ്ങളുടെ ഭാഗത്തുനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ ചേര്‍ത്തു തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ സങ്കല്‍പങ്ങള്‍ മാറ്റാനാണു ശ്രമം. മഹാബലിക്കു പകരം വാമനനെയാണ് ഓണത്തിന് ഓര്‍ക്കേണ്ടതെന്നാണ് ചിലര്‍ പറയുന്നത്. ഈ ആപത്തിനെതിരെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ ഓണമടക്കം എല്ലാം നഷ്ടപ്പെട്ടു പോകുമെന്ന് തിരിച്ചറിയണം. സമൂഹത്തിന് സംഭവിക്കാനിടയുള്ള ആപത്ത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തില്‍ ഊന്നി നിന്നുകൊണ്ട് തടയാനുള്ള നേതൃത്വം കൊടുക്കാന്‍ ശിവഗിരി മഠത്തിന് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
STORY HIGHLIGHT : Pinarayi Vijayan about Sree Narayana Guru
















