മാലിന്യം ശരിയായ രീതിയിൽ മൂടാതെ കൊണ്ടുപോകുന്ന ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി. പൊതുജനാരോഗ്യത്തിനും റോഡ് സുരക്ഷയ്ക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാകുന്ന ഈ പ്രവണത തടയാൻ ലക്ഷ്യമിട്ടുള്ള പ്രചാരണം ആരംഭിച്ചതായി അതോറിറ്റി ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു. 2019-ലെ പൊതു ശുചിത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
പുതിയ നിയമം അനുസരിച്ച്, ബഹ്‌റൈനിൽ മാലിന്യം കൊണ്ടുപോകുന്ന ട്രക്കുകൾ ഭദ്രമായി മൂടുകയും, യാത്രയ്ക്കിടെ മാലിന്യം പുറത്തേക്ക് വീഴുകയോ ചോരുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
ഈ നിയമം ലംഘിക്കുന്നവർക്ക് കർശനമായ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. തലസ്ഥാന നഗരിയിലെ മാലിന്യ ട്രക്കുകളിൽ പതിവ് പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
നഗര ശുചിത്വം നിലനിർത്താനും മാലിന്യ സംസ്കരണ കരാറുകാർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ കാമ്പയിൻ സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ മുനിസിപ്പൽ ഹോട്ട്‌ലൈനുകളിൽ അറിയിക്കാമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത് മാലിന്യം കൈകാര്യം ചെയ്യുന്നതിൽ അതോറിറ്റി എത്രത്തോളം ഗൗരവത്തോടെയാണ് ഇടപെടുന്നത് എന്നതിൻ്റെ സൂചനയാണ്.
















